ചുഴലിക്കാറ്റിൽ കരുവാരക്കുണ്ടിൽ ലക്ഷങ്ങളുടെ നഷ്ടം
1298881
Wednesday, May 31, 2023 5:16 AM IST
കരുവാരകുണ്ട്: തിങ്കളാഴ്ച വൈകുന്നേരം കരുവാരകുണ്ട് മേഖലയിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കാർഷിക മേഖലക്കും വീടുകൾക്കുമാണ് കനത്ത നഷ്ടമുണ്ടായത്.
മഴയും ഇടിമിന്നലിനോടൊപ്പമാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കക്കറ, കരിങ്കന്തോണി എന്നിവിടങ്ങളിൽ വീടുകൾക്കും കാർഷിക വിളകൾക്കും കനത്ത നാശമാണ് സംഭവിച്ചത്.
നിരവധി വീടുകൾ പൂർണമായും ഇരുപതോളം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. പുൽവെട്ടയിലെ കുണ്ടുകാവിൽ അബു, പുൽവെട്ട സ്കൂളിനു സമീപത്തെ കൊടുംനോട്ടിൽ റുഖിയ, മറ്റത്തൂർ ആയിഷ, പയ്യാക്കോട് മണ്ണെകുളത്തിൽ ബാലൻ, കേരള എസ്റ്റേറ്റ് മഞ്ഞൾപാറയിലെ അണ്ടിക്കാടൻ തൻസീർ തുടങ്ങിയവരുടെ വീടുകൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്.
തിങ്കളാഴ്ച രാത്രി കക്കറ നിവാസികൾ ഉറങ്ങാതെയാണ് നേരം വെളുപ്പിച്ചത്. വൈദ്യുതി ബന്ധംനിലച്ചതോടെ എന്താണ് സംഭവിച്ചതെന്ന് ഒരു വിവരവുമില്ലായിരുന്നുവെന്ന് പുൽവെട്ടയിലെ കുണ്ടുകാവിൽ അബു പറഞ്ഞു. വൈദ്യുതി ബന്ധം പൂർണമായും തകർന്നു. വൈദ്യുതി ബോർഡിനും ലക്ഷങ്ങളുടെ നഷ്ടമുണ്ട്. മരങ്ങൾ വീണു വീടുകൾ അടക്കമാണ് നിലംപൊത്തിയത്. കാർഷിക മേഖലയിലെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളു. വിവിധ രാഷ്ട്രീയ സംഘടന നേതാക്കളും പ്രവർത്തകരും ദുരന്ത സ്ഥലം സന്ദർശിച്ചു.