സ്പെഷൽ ഒളിന്പിക്സ് ടീമംഗങ്ങളായ വിദ്യാർഥികളെ അനുമോദിച്ചു
1300651
Wednesday, June 7, 2023 12:02 AM IST
എടക്കര: ജർമനിയിലെ ബെർലിനിൽ 17 മുതൽ 25 വരെ നടക്കുന്ന സ്പെഷൽ ഒളിന്പിക്സ് വേൾഡ് ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചുങ്കത്തറ തലഞ്ഞി മദർ വെറോണിക്ക സ്കൂളിലെ വൊക്കേഷണൽ വിദ്യാർഥികളായ മുഹമ്മദ് സിനാനെയും മുഹമ്മദ് അർഷിദിനെയും എ.പി.അനിൽകുമാർ എംഎൽഎ സ്കൂളിലെത്തി അനുമോദിച്ചു. ജീവിതത്തിലെ ചെറിയ തിരിച്ചടികളിൽ പോലും പതറുന്നവർക്ക് മുന്നിൽ പരിമിതികളെ അവസരമാക്കി മാറ്റിയ ഇരുവരും നാടിനേകുന്നത് വലിയ സന്ദേശമാണെന്ന് എംഎൽഎ പറഞ്ഞു.
ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ യഥാസമയം തിരിച്ചറിഞ്ഞ് മുന്നോട്ടു നയിക്കാൻ കഴിഞ്ഞാൽ ഇവർക്കിടയിൽ നിന്നു പ്രതിഭകളെ വളർത്തിയെടുക്കാനാകും. ഇക്കാര്യത്തിൽ മദർ വെറോണിക്ക സ്കൂൾ അധികൃതർ മാതൃകയാണെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ അൽഫോണ്സ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മേർലി തോമസ് പ്രസംഗിച്ചു.
എടക്കര: സ്പെഷൽ ഒളിന്പിക്സിൽ ഫുട്ബോളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ന്യൂ ലീഫ് സ്പെഷൽ സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് നിസാർ, തലഞ്ഞി മദർ വെറോണിക്ക സ്പെഷൽ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, മുഹമ്മദ് അർഷിദ് എന്നിവർക്ക് എടക്കര ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രയയപ്പ് നൽകി. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ്, വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി, റിട്ടയേർഡ് എഇഒ അബ്ദുൾ റസാക്ക്, ശിഹാബ് എടക്കര, എടക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കബീർ പനോളി, മദർ വെറോണിക്ക സ്പെഷൽ സ്കൂൾ പരിശീലകൻ ടോമി ജോർജ്, ന്യൂലീഫ് സ്പെഷൽ സ്കൂൾ കോ-ഓർഡിനേറ്റർ ഹബീബ് റഹ്മാൻ, കെ. റഫീക്, ജസിം കരുനെച്ചി എന്നിവർ പ്രസംഗിച്ചു.