സ്കൂൾ അധികൃതർ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നു പരാതി
1300659
Wednesday, June 7, 2023 12:02 AM IST
എടക്കര: എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകാൻ സ്കൂൾ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. ചുങ്കത്തറ പഞ്ചായത്തിലെ പാലുണ്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് കുട്ടികളും രക്ഷിതാക്കളും ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഓഫീസർ, ചൈൽഡ് ലൈൻ, അപരാജിത എന്നിവർക്ക് പരാതി നൽകിയത്. എൽകെജി ക്ലാസ് മുതൽ ഇതേസ്കൂളിൽ പഠിക്കുന്നവരാണ് ഈ വിദ്യാർഥികൾ. പല കാരണങ്ങൾ കൊണ്ടും സ്കൂൾ മാറാൻ തയാറായവർക്കാണ് മാനേജ്മെന്റിന്റെ നിലപാട് പ്രതിസന്ധിയാകുന്നത്.
പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിൽ ഇതേ സ്കൂളിൽ തുടർപഠനം നടത്തണമെന്നും അല്ലാത്തപക്ഷം അധ്യയന വർഷത്തെ ഫീസ് നൽകണമെന്നുമാണ് മാനേജ്മെന്റ് ശഠിക്കുന്നത്. ഈ നിബന്ധനകൾ പാലിക്കാൻ തയാറാകുന്ന വിദ്യർഥികൾക്ക് മാത്രമേ ടി.സി അനുവദിക്കുകയുള്ളുവെന്നാണ് സ്കൂൾ അധികൃതരുടെ നിലപാടെന്ന് രക്ഷിതാക്കൾ പറയുന്നു. ടി.സിയും എസ്എസ്എൽസി സർട്ടിഫിക്കറ്റും ലഭിക്കാത്തതതിനാൽ തങ്ങളുടെ മക്കളുടെ തുടർപഠനം അവതാളത്തിലാക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.