പുലിയെ കണ്ടതായി ശബ്ദ സന്ദേശം; ആശങ്ക വേണ്ടെന്ന് വനം വകുപ്പ്
1337949
Sunday, September 24, 2023 12:49 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് പുലിയെ കണ്ടതായുള്ള ശബ്ദ സന്ദേശത്തെ തുടർന്ന് ജനങ്ങൾ ആശങ്കയിൽ. പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി.
നിലന്പൂർ-അകന്പാടം റോഡിൽ എരഞ്ഞിമങ്ങാടിനും കാഞ്ഞിരപ്പടിക്കുമിടയിലുള്ള വനഭാഗത്തിലുടെ പോകുന്ന റോഡിൽ പുലിയെ കണ്ടതായി എരുമമുണ്ട സ്വദേശി നൽകിയ ശബ്ദ സന്ദേശമാണ് വൈറലായത്. ഇതേ തുടർന്ന് അകന്പാടം വനം സ്റ്റേഷനിലെ വനപാലകർ ഈ ഭാഗത്തെ പ്രധാന റോഡിലും ഇരു ഭാഗങ്ങളിലും വടക്കേ പെരുമുണ്ടയിൽ നിന്ന് എരഞ്ഞിമങ്ങാട് ഭാഗത്തേക്ക് വരുന്ന മണ്ണ് റോഡിലും വനമേഖലയിലും പരിശോധന നടത്തിയെങ്കിലും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്താനായില്ല.
കാട്ടുപൂച്ച വിഭാഗത്തിൽപ്പെട്ടതും പുലിയോട് സാദൃശമുള്ളതുമായ വള്ളിപ്പുലിയാകാമെന്നും ജനവാസ കേന്ദ്രത്തിലേക്ക് പുലി എത്താനുള്ള സാധ്യത വളരെ കുറവാണെന്നും വനപാലകർ പറയുന്നു. റോഡിൽ പുലിയെ കണ്ടതായ സന്ദേശം പ്രഭാത സവാരിക്കാരെയും രാത്രികാല യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനപാലകർ പെട്ടെന്നു തന്നെ പരിശോധന നടത്തിയത്. പുലിയുടെ കാൽപ്പാട് കണ്ടെത്തിയിട്ടില്ലെന്ന വനപാലകരുടെ മറുപടിയാണ് ജനങ്ങളുടെ ആശങ്കയ്ക്ക് ആശ്വാസം പകരുന്നത്.