കടകളിൽ നിന്നു പണം കവർന്നു; നിലന്പൂരിൽ പരക്കെ മോഷണം
1338598
Wednesday, September 27, 2023 1:17 AM IST
നിലന്പൂർ: നിലന്പൂരിൽ വ്യാപക മോഷണം. നഗരത്തിലെ ദന്താശുപത്രിയിലും ബേക്കറിയിലും കോഴിക്കടയിലും സണ്‍ ഡയറക്ട് സർവീസ് സെന്ററിലുമാണ് മോഷ്ടവ് ഗ്ലാസും ഷട്ടറും തകർത്തു കടന്നത്.
ബേക്കറിയിൽ നിന്ന് 20,000 രൂപയും ദന്താശുപത്രിയിൽ നിന്ന് 2000 രൂപയും കവർന്നു. മോഷ്ടാവിന്റെ സിസി ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
നിലന്പൂർ താഴെ ചന്തക്കുന്ന്, മിനർവപ്പടി ഭാഗങ്ങളിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ മൂന്നിനും അഞ്ചിനുമിടയിൽ മോഷaണം നടന്നത്.
കട ഉടമകൾ നിലന്പൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തി. താഴെ ചന്തക്കുന്ന് മാനവേദൻ റോഡ് ജംഗ്ഷനിലെ സാറോസ് ബേക്കറിയുടെ ഷട്ടർ തകർത്തു അകത്തു കടന്ന മോഷ്ടാവ് കടയുടെ മേശയിൽ സൂക്ഷിച്ചിരുന്ന 20,000 ത്തോളം രൂപ മോഷ്ടിച്ചു.
ബേക്കറിയിലെ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞതെന്നു കടയുടമ മേലേതിൽ റഷാദ് പറഞ്ഞു.
ദന്താശുപത്രിയുടെ ഗ്ലാസ് വാതിൽ ഇരുന്പുവടി കൊണ്ടു തകർത്ത് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 2000 ത്തോളം രൂപ കവർന്നതായി ഡോ. നിഷാദ് പറഞ്ഞു.
ഉപകരണങ്ങൾ കേടുപാടു വരുത്തുകയും ചെയ്തിട്ടുണ്ട്. സമീപത്തെ സണ്‍ ഡയറക്ട് സർവീസ് സെന്ററിന്റെ ഗ്ലാസ് വാതിലിന്റെ പൂട്ടു തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പുകളിൽ മോഷണ ശ്രമം നടത്തിയെങ്കിലും പണം ഇല്ലാതിരുന്നതിനാൽ നഷ്ടമായിട്ടില്ല.
ചന്തക്കുന്ന് മാനവേദൻ റോഡരികിലെ എം.കെ. ചിക്കൻ സ്റ്റാളിന്റെ ഗ്ലാസ് തകർത്ത നിലയിലാണെങ്കിലും മോഷ്ടാവ് കടക്കുള്ളിൽ കടന്ന ലക്ഷണമില്ല.
നിലന്പൂരിൽ രാത്രിയുടെ മറവിൽ മോഷണം വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. ഒരു മാസം മുന്‍പ് നിലന്പൂർ ഫാത്തിമഗിരി റോഡിന് സമീപമുള്ള വീട്ടിൽ നിന്നു ആറര പവൻ സ്വർണവും 60,000 രൂപയും മോഷ്ടാക്കൾ കവർന്നിരുന്നു. വീട്ടിലെ സിസി ടിവിയിൽ മൂന്നുപേരുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു.
എന്നാൽ ഇവരെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാത്രി തീവണ്ടിക്കെത്തി പുലർച്ചെയുള്ള തീവണ്ടിക്ക് മടങ്ങുന്ന തമിഴ്നാട്ടിൽ നിന്നുള്ള മോഷ്ടാക്കളും നിലന്പൂരിലെ മോഷണങ്ങളിൽ ഉണ്ടെന്ന സൂചനയാണ് ഫാത്തിമ ഗിരി റോഡിലെ മോഷണവുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച സൂചനയെന്നാണ് അറിയുന്നത്
. നിലന്പൂരിൽ രാത്രിയിൽ മോഷ്ടാക്കൾ വിലസുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യമുയർന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസി ടിവികളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം തിരിച്ചറിയാത്ത വിധം മറച്ചാണ് മോഷ്ടാവ് എത്തിയത്.