പുല്ലാരയിൽ ബസിനു പിറകിൽ ബസിടിച്ച് വിദ്യാർഥികളടക്കം 20 പേർക്ക് പരിക്ക്
1339378
Saturday, September 30, 2023 1:26 AM IST
മഞ്ചേരി: പുല്ലാര മൂച്ചിക്കലിൽ സ്വകാര്യ ബസിനു പിറകിൽ മറ്റൊരു ബസിടിച്ച് വിദ്യാർഥികളടക്കം 20 പേർക്ക് പരിക്കേറ്റു.
പുൽപ്പറ്റ ഫാത്തിമ സുഫ്ന (17), മരത്താണി അഫ്താഹ് (18), വട്ടപ്പാറ ശ്രീലക്ഷ്മി (18), വീന്പൂർ ഫാത്തിമ റിൻഷ (17), ഫാത്തിമ ഫിദ, തിരുവാലി ആദിത്യ (21), പന്തല്ലൂർ കടന്പോട് ദാവൂദ് ഹക്കീം (39), മകൻ മുഹമ്മദ് അജ്മൽ (ഏഴ്), മഞ്ചേരി ചെറാക്കര റോഡിൽ മനു പ്രദാപ് (24), ആതിര (24), ഷഹനാസ് (16), ലത, റിഷാദ്, നദ (17) എന്നിവരടക്കം 20 പേർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45 ന് മൂച്ചിക്കൽ മസ്ജിദിനു സമീപമാണ് അപകടം.
മഞ്ചേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ഒരു ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. രാവിലെയായതിനാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിറയെ യാത്രക്കാരാണ് ഇരു ബസുകളിലും ഉണ്ടായിരുന്നത്.
കൂട്ടിയിടിച്ചതോടെ ബസിനകത്ത് വീണും കന്പിയിൽ തലയിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. ഇവരെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂച്ചിക്കലിൽ പ്രവർത്തിച്ചിരുന്ന ഈവനിംഗ് കഫേ സെന്ററും ബസുകൾ ഇടിച്ച് തകർത്തു.
കോഴിക്കോട് റോഡിൽ ബസുകളുടെ അമിത വേഗത അപകടത്തിനിടയാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒന്പതിന് വീന്പൂർ മുട്ടിപ്പടിയിലും സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്കു പരിക്കേറ്റിരുന്നു.