പോളിടെക്നിക്ക് യൂണിയന് തെരഞ്ഞെടുപ്പ് : അങ്ങാടിപ്പുറത്ത് ചരിത്ര വിജയവുമായി യുഡിഎസ്എഫ്
1459035
Saturday, October 5, 2024 5:31 AM IST
മലപ്പുറം: ജില്ലയിലെ പോളിടെക്നിക്ക് യൂണിയന് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി എംഎസ്എഫ്. അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്നിക് കോളജിലെ എസ്എഫ്ഐയുടെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്മുന്നേറ്റത്തോടുകൂടിയുമാണ് വിദ്യാര്‍ഥികള്‍ എംഎസ്എഫിനൊപ്പം നിന്നത്.
അങ്ങാടിപ്പുറത്ത് മിന്നും വിജയമാണ് വിദ്യാര്‍ഥികള്‍ യുഡിഎസ്എഫിന് സമ്മാനിച്ചത്. അങ്ങാടിപ്പുറം പോളിടെക്നിക്കിലെ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി യുഡിഎസ്എഫ് ജയിക്കുകയായിരുന്നു. ഏഴില്‍ ഏഴു സീറ്റുമായി വന്‍ഭൂരിപക്ഷത്തിനാണ് ജയം.
2018ല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് ഓഫീസ് തകര്‍ത്തതിനുള്ള മധുര പ്രതികാരമാണ് ഈ വിജയമെന്ന് യുഡിഎസ്എഫ് പറയുന്നു. ചെയര്മാന്: കെ.ടി. മുഹമ്മദ് സല്മാന്, വൈസ് ചെയര്മാന്: മുഹമ്മദ് യാസിര്‍, വൈസ് ചെയര്‍പേഴ്സണ്‍: കെ.വി.ഫാത്തിമ ഫിദ, ജനറല്‍ സെക്രട്ടറി: മുഹമ്മദ് ജാസില്‍, ആര്‍ട്സ് ക്ലബ് സെക്രട്ടറി: പി.ഡാനിഷ്, യു.യു.സി: മുഹമ്മദ് സാലിഹ്, മാഗസിന് എഡിറ്റര്‍: നൗഷ ഷാഹല്‍.
മറ്റു നാല് കോളജുകളിലെയും മുഴുവന്‍ സീറ്റുകളും നേടി സമ്പൂര്‍ണ ആധിപത്യമാണ് എംഎസ്എഫ് കരസ്ഥമാക്കിയത്. കോട്ടക്കല്‍ ഗവണ്മെന്റ് വനിതാ പോളിടെക്നിക് കോളജ് എംഎസ്എഫ് മുന്നണി എസ്എഫ്ഐയില്‍ നിന്ന് പിടിച്ചെടുത്തു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളജ്, മഞ്ചേരി ഗവണ്മെന്റ് പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലും എംഎസ്എഫ് മുന്നണി വിജയം ആവര്‍ത്തിച്ചു.
അതേസമയം ചേളാരിയിലുള്ള തിരൂരങ്ങാടി അവുക്കാദര്‍ കുട്ടി നഹ സാഹിബ് മെമ്മോറിയല്‍ ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ് യൂണിയന് എസ്എഫ്ഐ പിടിച്ചെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് യുഡിഎസ്എഫ് സഖ്യത്തെ തകര്‍ത്ത് ഏഴ് ജനറല്‍ സീറ്ററില്‍ ഏഴും നേടി എസ്എഫ്ഐയുടെ വിജയം. ചെയര്‍മാനായി എസ്.കെ. അനന്തുവും ജനറല്‍ സെക്രട്ടറിയായി കെ.വി. വിബിനും തെരഞ്ഞെടുക്കപ്പെട്ടു.
പി. ഹരിപ്രസാദാണ് പോളി യൂണിയന് കൗണ്‍സിലര്‍. വൈസ് ചെയര്‍മാനായി കെ. അര്ഷാഖും ലേഡി വൈസ് ചെയര്‍മാനായി സി. ഷുനൂബിയ മോളും വിജയിച്ചു. അഭിഷേക് പി, നായരാണ് മാഗസിന് എഡിറ്റര്‍. ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി കെ.പി. ഫാത്തിമത്ത് ഷൈമയും തെരഞ്ഞെടുക്കപ്പെട്ടു. 203 വോട്ട് വരെ ഭൂരിപക്ഷം നേടിയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികളുടെ ജയം.