സാമ്പത്തിക ക്രമക്കേട്; കുറ്റക്കാരെ ശിക്ഷിക്കണമെന്ന്
1459278
Sunday, October 6, 2024 5:17 AM IST
വണ്ടൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൂര്‍ യൂണിറ്റില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം ത്വരിതപ്പെടുത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഎം വണ്ടൂര്‍ ലോക്കല്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ മുന്‍ യൂണിറ്റ് ട്രഷററും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹിയുമായിരുന്ന വ്യക്തിയും ഭാരവാഹികളായിരുന്ന സമയത്ത് സംഘടനയുടെ സഹായനിധിയിലേക്ക് പിരിച്ചെടുത്ത ഒന്നര കോടിയിലധികം വരുന്ന തുക സ്വന്തം ആവശ്യത്തിനായി എടുത്ത് വിശ്വാസ വഞ്ചന കാണിച്ചുവെന്നതാണ് പരാതി.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലവിലെ യൂണിറ്റ് പ്രസിഡന്റായ എന്‍. അബ്ദുള്‍ഗഫൂറിന്റെ പരാതിയിലാണ് കോടതി ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വണ്ടൂര്‍ പോലീസിലും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല.
ഇതേ തുടര്‍ന്ന് പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഏരിയാ കമ്മിറ്റിഅംഗം അഡ്വ. അനില്‍ നിരവില്‍, ലോക്കല്‍ സെക്രട്ടറി സി. ജയപ്രകാശ്, ലോക്കല്‍ കമ്മിറ്റിഅംഗം അരിമ്പ്ര മോഹനന് എന്നിവര്‍ പങ്കെടുത്തു.