കെട്ടിട വാടകക്ക് വ്യപാരികള്‍ക്ക് ജിഎസ്ടി; പ്രക്ഷോഭത്തിലേക്ക്
1460925
Monday, October 14, 2024 5:04 AM IST
നിലമ്പൂര്‍: കെട്ടിട വാടകക്ക് വ്യപാരികളുടെ മേല്‍ 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടിക്കെതിരേ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയ തലത്തില്‍ ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലും പ്രക്ഷോഭം തുടങ്ങും. കെട്ടിട വാടക നികുതി ബാധ്യത വ്യാപാരികളുടെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല് ദേശീയ വൈസ് പ്രസിഡന്റുമായ രാജു അപ്സര നിലമ്പൂരില്‍ പറഞ്ഞു.
കെട്ടിട വാടകക്ക് കെട്ടിട ഉടമയോ ഭൂവുടമയോ ജിഎസ്ടി അടച്ചില്ലെങ്കില്‍ നികുതി ഭാരം രജിസ്ട്രേഷനുള്ള വ്യാപാരിയിൽ കെട്ടിവയ്ക്കുന്നത് അംഗീകരിക്കാനാകില്ല. പുതിയ നയം തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
22ന് ഡല്‍ഹിയില്‍ നടക്കുന്ന ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല് കണ്‍വന്‍ഷനില്‍ രാജ്യവ്യാപക പ്രക്ഷോഭം ആസൂത്രണം ചെയ്യും. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും രാജു അപ്സര പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിനോദ് പി. മേനോന്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സഫറുള്ള, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സി. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.