പൊന്നാനി ഹാര്‍ബറില്‍ വാര്‍ഫ് നിര്‍മാണത്തിന് തുടക്കമായി
1461185
Tuesday, October 15, 2024 1:44 AM IST
പൊന്നാനി: പൊന്നാനി മത്സ്യബന്ധന തുറമുഖ വികസനത്തിന്റെ ഭാഗമായി പുതിയ വാര്‍ഫും വള്ളങ്ങള്‍ക്കായി ലോ ലെവല്‍ ജെട്ടിയും ലേല ഹാളും പാര്‍ക്കിംഗ് ഏരിയയും പണിയുന്നു. വാര്‍ഫ് നിര്‍മാണത്തിന് മുന്നോടിയായി ബാര്‍ജ് എത്തി.
നിലവിലെ പുതിയ വാര്‍ഫിനോട് ചേര്‍ന്ന് തെക്ക് ഭാഗത്തായി 50 മീറ്റര്‍ നീളത്തിലാണ് വാര്‍ഫ് നിര്‍മിക്കുന്നത്. ഈ വാര്‍ഫിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയായാല്‍ 20 ബോട്ടുകള്‍ക്ക് കൂടി ഇവിടെ കെട്ടിയിടാനാകും. നിലവില്‍ പടിഞ്ഞാറ് ഭാഗത്ത് 100 മീറ്റര്‍ വാര്‍ഫാണ് ഉള്ളത്. ഇതോടൊപ്പം ഈ ഭാഗത്തെ ആഴം വര്‍ധിപ്പിക്കുന്ന പ്രവൃത്തികളും നടക്കും.
കൂടാതെ വള്ളങ്ങള്‍ മത്സ്യം ഇറക്കുന്ന ഭാഗത്തായി ലോ ലെവല്‍ ജെട്ടിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വള്ളങ്ങള്‍ക്ക് സുഗമമായി മത്സ്യം എത്തിക്കുന്നതിനും യാനങ്ങള്‍ സുരക്ഷിതമായി കെട്ടിയിടുന്നതിനുമായാണ് ജെട്ടി നിര്‍മിക്കുന്നത്.
140 മീറ്റര്‍ നീളത്തിലാണ് ജെട്ടിയുടെ നിര്‍മാണം.ആറ് കോടി 30 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.