എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
1549613
Tuesday, May 13, 2025 6:17 PM IST
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമാണെന്ന് പി. നന്ദകുമാർ എംഎൽഎ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ ഏഴു ദിവസം നീണ്ടുനിന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. മികച്ച സ്റ്റാളുകൾക്കും മാധ്യമ പ്രവർത്തകർക്കും പരിപാടിയുടെ പ്രചരണാർഥം നടത്തിയ സെൽഫി-റീൽസ് മത്സര വിജയികൾക്കുമുള്ള ഉപഹാര സമർപ്പണം പി.നന്ദകുമാർ എംഎൽഎ, ജില്ലാ കളക്ടർ വി.ആർ. വിനോദ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
എഎസ്പി ഫിറോസ് എം. ഷഫീഖ്, എഡിഎം എൻ.എം. മെഹറലി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ഐ ആൻഡ് പിആർഡി അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ് എന്നിവർ പ്രസംഗിച്ചു. പ്രദർശന വിപണന മേള കാണാൻ നിരവധി പേരാണ് എത്തിയത്.
സംസ്ഥാന സർക്കാരിന്റെ 90 വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു മേളയുടെ സംഘാടനം.
കഴിഞ്ഞ ഒന്പത് വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേള നവ്യാനുഭവമായി. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിച്ചത്. എൽഇഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും മേളയുടെ മാറ്റുകൂട്ടി.
മേളയുടെ സമാപന ദിവസമായ ഇന്നലെ രാവിലെ പത്തിന് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് നടത്തി. ഉച്ചയ്ക്ക് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറും നടന്നു. സമാപന ചടങ്ങിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും നടത്തിയ മ്യൂസിക്കൽ നൈറ്റ് അരങ്ങിലെത്തി.
മികച്ച സ്റ്റാളുകൾക്ക് അവാർഡുകൾ നൽകി
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ ഏഴു ദിവസം നീണ്ടുനിന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ മികച്ച സ്റ്റാളുകൾക്ക് അവാർഡുകൾ നൽകി. മികച്ച തീം സ്റ്റാൾ വിഭാഗത്തിൽ കേരള പോലീസ്, ജയിൽ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കേരള ജല അഥോറിറ്റി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്നിവർ പുരസ്കാരം നേടി.
മോട്ടോർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ്, പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി എന്നിവർ സർവീസ് വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള അവാർഡ് നേടി. മികച്ച പവലിയൻ വിഭാഗത്തിൽ കായിക വകുപ്പ്, കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ അവാർഡ് നേടി.
കണ്സ്യൂമർ ഫെഡ്, പിന്നാക്ക വിഭാഗ വികസന കോർപറേഷൻ എന്നിവർ മികച്ച വിപണന സ്റ്റാളിനുള്ള അവാർഡ് നേടി. മികച്ച എംഎസ്എംഇ സ്റ്റാൾ ആയി കിയാസ്കോ ഇന്റർനാഷണൽ ഒതുക്കുങ്ങൽ, സ്പീഡൈൻ പള്ളിക്കൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സിഡിഎസിന്റെ അറേബ്യൻ ആൻഡ് തിങ്കൾ ഫുഡ്സ്, ചോക്കാട് സിഡിഎസിന്റെ നിള കാറ്ററിംഗ് എന്നിവർ മികച്ച ഫുഡ് കോർട്ടിനുള്ള അവാർഡ് നേടി. പി. നന്ദകുമാർ എംഎൽഎ, ജില്ലാ കളക്ടർ വി.ആർ. വിനോദ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
വിപണന മേളയുടെ മാധ്യമ കവറേജിനുളള അവാർഡുകളും വിതരണം ചെയ്തു.