മലപ്പുറം: തെരുവ് നായ ശല്യം ഫലപ്രദമായി പരിഹരിക്കാൻ ജില്ലാപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന എബിസി (അനിമൽ ബർത്ത് കണ്ട്രോൾ) പ്രോഗ്രാം പ്രവർത്തനങ്ങൾ ഒക്ടോബർ 25 മുതൽ പുനരാരംഭിക്കും. പദ്ധതിയുടെ പുനരാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തെ മുഴുവൻ നായകളെയും കുടുംബശ്രീ മുഖേന ഏറ്റെടുത്ത് വന്ധ്യംകരിക്കാൻ തീരുമാനിച്ചു. എബിസി പദ്ധതിയുടെ പുനരാരംഭ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ ചേന്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കുടുംബശ്രീയുടെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സിവിൽ സ്റ്റേഷൻ പരിസരത്തുള്ള നായകളെ പിടികൂടുക. തുടർന്ന് പ്രത്യേക വാഹനത്തിൽ വന്ധ്യംകരണത്തിനായി ചുങ്കത്തറയിലെ മൃഗാശുപത്രിയുടെ സബ്സെന്ററിൽ എത്തിക്കും.സിവിൽ സ്റ്റേഷൻ പരിസരത്ത് ഏകദേശം 25 ലധികം തെരുവുനായകൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊതുജനങ്ങളുടെ വ്യാപകമായ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ, വണ്ടൂർ പ്രദേശങ്ങളിലെ തെരുവ് നായകളെ പിടികൂടാനും വന്ധ്യംകരിക്കുന്നതിനായി മഞ്ചേരി വെറ്റിനറി പോളിക്ലിനിക്കിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങൾക്ക് അതത് പഞ്ചായത്ത്/മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഒഴിഞ്ഞുകിടക്കുന്ന ബിൽഡിങ് കണ്ടെത്തി വന്ധീകരിക്കുന്നതിനായി ഓപ്പറേഷൻ തിയേറ്ററുകൾ ഒരുക്കാമെന്ന് കളക്ടർ അറിയിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 21,44,826 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.2017 ജനുവരിയിൽ പൊന്നാനിയിലാണ് പദ്ധതി ആരംഭിച്ചത്. ഹ്യൂമൻ സൊസൈറ്റി ഇന്റർ നാഷനൽ ഇന്ത്യയുടെ കീഴിലായിരുന്നു ജില്ലയിൽ പ്രവർത്തനം നടപ്പാക്കിയത്. മേയ് ഒന്നു വരെയായിരുന്നു സംഘത്തിന്റെ ചുമതല. തുടർന്ന് 2018 ൽ സൊസൈറ്റിമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് പദ്ധതി കുടുംബശ്രീ ഏറ്റെടുക്കുകയും ജില്ലയിൽ അഞ്ചു സെന്ററുകളിലായി പ്രവർത്തനം തുടങ്ങാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.ജില്ലയിൽ മഞ്ചേരി, പരപ്പനങ്ങാടി, തിരൂർ, ചുങ്കത്തറ എന്നിവിടങ്ങളിലായി ഇതുവരെ 2698 നായകളെയാണ് വന്ധീകരിച്ചിട്ടുള്ളത്. തെരുവിൽ നിന്നും പിടികൂടുന്ന നായകളെ ശസ്ത്രക്രിയയിലൂടെ വന്ധീകരിച്ചതിന് ശേഷം അടയാളപ്പെടുത്തുകയും തുടർന്ന് പരിചരണം നൽകി മുറിവ് മാറിയതിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തുറന്ന് വിടുകയും ചെയ്യുന്നതാണ് പദ്ധതി.
യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, വികസന സമിതി ചെയർമാൻ ഉമ്മർ അറയ്ക്കൽ, എ.എച്ച് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.അയൂബ്, എസ്പി ഇ.എം പ്രോജക്ട് ഓഫീസർ ഡോ.നികേഷ് കിരണ്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സി.കെ.ഹേമലത, ജില്ലാ പ്ലാനിങ് ഓഫീസർ വി.ജഗൽകുമാർ, ഡോ.കെ.ബിനേഷ്, ഡോ.ഷൗക്കത്തലി, ഡോ. നിതിൻ പീറ്റർ, ഡോ.വിജയ് തുടങ്ങി വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.