കരുവാരക്കുണ്ട്: നാട്ടുകാർക്ക് നല്ലനടപ്പ് വിധിച്ച് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് രംഗത്ത്. ലോക പ്രമേഹ ദിനമായ ഇന്ന് നല്ല നടപ്പിന്റെ തുടക്കം കുറിക്കും. അടുത്ത കാലത്തായി വിവിധ തരം ജീവിത ശൈലീ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്. കൂടാതെ വൃക്കരോഗികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
ഇവയിൽ നിന്നെല്ലാം ജനങ്ങളെ രക്ഷപ്പെടുത്താനും ബോധവത്കരണം നടത്താനുമായി പ്രത്യേക കാന്പയിൻ തന്നെ ഗ്രാമപഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. കാന്പയിനിന്റെ ഭാഗമായാണ് നല്ലനടത്തം നടപ്പാക്കുന്നത്. ആളുകളെ വ്യായാമത്തിനും വിഷ രഹിത ഭക്ഷണോപയോഗത്തിനും പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. നല്ല നടപ്പിന് സമയമായെന്ന തുടക്കത്തോടെ രോഗകാരണങ്ങളും വ്യായാമത്തിന്റെ ആവശ്യകതയും വിവരിച്ച ലഘുലേഖയും വിതരണം ചെയ്തു.
വാർഡുകൾ തോറും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും .ആരോഗ്യ വകുപ്പുമായി ചേർന്നാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. നല്ല നടത്തത്തിന്റെ തുടക്കം ഇന്ന് രാവിലെ 7.30ന് ചേറുന്പ് ഇക്കോ ടൂറിസം വില്ലേജ് പരിസരത്തുനിന്നും ആരംഭിച്ച് കിഴക്കേത്തലയിൽ സമാപിക്കും.
ജനപ്രതിനിധികൾ ,സാമൂഹ്യ സാംസ്കാരിക നായകർ ,ഉദ്യോഗസ്ഥർ ,അധ്യാപകർ, വിദ്യാർഥികൾ, ജെആർസി, എസ്പിസി, എൻഎസ്എസ് വോളണ്ടിയേഴ്സ്, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ, നാട്ടുകാർ തുടങ്ങിയവരെല്ലാം പങ്കെടുക്കും. നല്ല നടപ്പിന്റെ പ്രചാരണാർത്ഥം നടത്തിയ വിളംബര ജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർമാരായ കുര്യച്ചൻ കോലഞ്ചേരി, പി.റുഖിയ്യ, ഐ.ടി.സാജിത, ജമീലാ അശ്റഫ്, റോഷ്നി സുരേന്ദ്രൻ, പി.സൈനബ, സിഡിഎസ് പ്രസിഡന്റ് ആയിശ മെഡിക്കൽ ഓഫീസർ ഡോ.ആബിദ, എച്ച്ഐ മനോജ്, ജെഎച്ച്ഐമാരായ സുനിൽ, ജസീർ എന്നിവർ പ്രസംഗിച്ചു.