എടപ്പാളിൽ ഗതാഗത കുരുക്ക്
Tuesday, July 14, 2020 11:21 PM IST
എടപ്പാൾ: പൊന്നാനി നഗരസഭയിൽ ട്രിപ്പിൽ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയതിനെ തുടർന്നു എടപ്പാളിൽ വാഹനങ്ങളുടെ കുത്തൊഴുക്ക്. ചാവക്കാട്, പൊന്നാനി, ചമ്രവട്ടം പാതയിലൂടെയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ എടപ്പാൾ ജംഗ്ഷനിലൂടെ കടന്നു പോകുന്നതിനെ തുടർന്നാണ് തൃശൂർ, കോഴിക്കോട് പാതയിൽ വാഹനങ്ങളുടെ നീണ്ട നിര കാണപ്പെടുന്നത്. മേൽപ്പാലം പണി നടക്കുന്നതിനാൽ നേരത്തേ നടുവട്ടം, അയിലക്കാട്, കുണ്ടുകടവ് വഴിയാണ് വലിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്നു പൊന്നാനി നഗരസഭാ പരിധിയിലെ ഈ പാതകളും അടച്ചതോടെ വലിയ വാഹനങ്ങളും എടപ്പാൾ ജംഗ്ഷൻ വഴിയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഇതോടെ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുകയാണ്.
പോലീസും ട്രോമാ കെയർ പ്രവർത്തകരും ട്രാഫിക് ഗാർഡും ചേർന്നാണ് ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.