കോര്പറേഷന് പിടിക്കാൻ കോണ്‍ഗ്രസ്
1486985
Saturday, December 14, 2024 5:43 AM IST
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് ഭരണം പിടിക്കാന്‍ പദ്ധതികളുമായി കോണ്‍ഗ്രസ്. ജനുവരി 23ന് "അഴിമതിയുടെ പിടിയില്‍നിന്നും നഗരസഭയെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഉപരോധിക്കും. അതിന് മുന്നോടിയായി ജനുവരി 15 മുതല്‍ 22വരെ ഒരാഴ്ചക്കാലം 75 ഡിവിഷനുകളിലും അഴിമതി ഭരണത്തിനെതിരേയുള്ള കാമ്പയിന് നടക്കും.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്പറേഷന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകന യോഗം ചേര്‍ന്നു. എല്‍ഡിഎഫ് ഭരിക്കുന്ന കോര്പറേഷന് അഴിമതിയുടെ ഹബ്ബായി മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല യോഗത്തില്‍ അഭിപ്രായപ്പെട്ടു.
നാലര പതിറ്റാണ്ട് എല്‍ഡിഎഫ് ഭരിച്ചിട്ടും നഗരത്തിന് ഒരു പുരോഗതിയും കൈവരിക്കാനായിട്ടില്ല. ഏറ്റെടുത്ത എല്ലാ പദ്ധതികളിലും അഴിമതിയാണ്. സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന ഭരണ ശൈലിയാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ചരിത്ര നഗരം എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് ഇന്ന് മാലിന്യ നഗരമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഈ ദുര്‍ഭരണത്തില്‍നിന്നും നഗരസഭയെ മോചിപ്പിക്കണം. യുഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നാല്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്നും ചെന്നിത്തല പറഞ്ഞു.
യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യന്, യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍, കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഭിന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.