പേരാമ്പ്ര: ചങ്ങരോത്ത് നിറവ് പദ്ധതിയുടെ നടീല്‍ ഉദ്ഘാടനവും കുടുംബശ്രീ അയല്‍ക്കുട്ടങ്ങളുടെ പച്ചക്കറി കൃഷിയുടെ വിത്തിറക്കലും കൊയ്ത്തുത്സവവും കല്ലൂര്‍ കാക്കക്കുനിയില്‍ നടന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ തരിശായി കിടക്കുന്ന 400 ഏക്കര്‍ നിലത്താണ് നെല്‍കൃഷി ചെയ്യുന്നത്. നടീല്‍ ഉത്സവം മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പുതിയ കാര്‍ഷിക പദ്ധതികള്‍ ആവിഷ്ക്കരിച്ചതിലൂടെ കേരളം പുതിയ കാര്‍ഷിക സമൃദ്ധിയിലേക്ക് മാറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 3,000 ത്തില്പരം ഏക്കര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷി ആരംഭിക്കാന്‍ കഴിഞ്ഞതായും കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഹെക്ടര്‍ തരിശ് നിലത്ത് നെല്ല് കൃഷി ചെയ്യുന്നതിന് സര്‍ക്കാര്‍ 40,000 രൂപ സഹായം നല്‍കുന്നുണ്ട്. ഇതുമൂലം ദീര്‍ഘകാലമായി തരിശിട്ട ഭൂമികള്‍ കൃഷി യോഗ്യമാക്കാന്‍ കഴിയും. അവകാശപ്പെട്ട കര്‍ഷകര്‍ക്ക് തന്നെ കൃഷി ചെയ്യാമെന്നും എല്ലാ സഹായങ്ങളും പഞ്ചായത്തുകളും കൃഷി ഭവനും ചെയ്തു തരും. നെല്ല്, പഴങ്ങൾ, പച്ചക്കറി എന്നിവയ്ക്ക് സര്‍ക്കാര്‍ താങ്ങുവില ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കൃഷിയും വിപുലമാക്കാനുള്ള നടപടികളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
പുതുതായി രൂപം നല്കിയ പ്ലാന്റേഷന് പോളിസി പ്രകാരം തോട്ടങ്ങളുടെ ഘടനയില്‍ മാറ്റം വരാതെ ഇടവിളകൃഷി ആരംഭിക്കുന്നതിനുള്ള നയം രൂപീകരിച്ചു. ഇതിലൂടെ പ്ലാന്റേഷന് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ അഞ്ചേക്കറില്‍ പച്ചക്കറി കൃഷി വിത്തിറക്കല്‍ ഉദ്ഘാടനം ജില്ലാ കളക്ടര്‍ സാബശിവറാവു നിര്‍വഹിച്ചു. കൊയ്തുത്സവം ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിര്‍വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ എന്നിവര്‍ കര്‍ഷകരെ ആദരിച്ചു.
ചങ്ങരോത്ത് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് എം. അരവിന്ദാക്ഷൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി.കെ. ശൈലജ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം കാര്യസമിതി ചെയര്മാന് പാളയാട്ട് ബഷീർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷറഫ്, പേരാമ്പ്ര പഞ്ചായത്ത് അംഗം പി.പി. റസ്മിന, ചങ്ങരോത്ത് പഞ്ചായത്ത് അംഗങ്ങളായ വാഴയില്‍ സുമതി, അബ്ദുള്ള സല്മാൻ, പഞ്ചായത്ത് സെക്രട്ടറി കെ. കൃഷണകുമാർ, എം.കെ. കുഞ്ഞനന്തന്, കെ.വി. കുഞ്ഞിക്കണ്ണന്, എസ്.പി. കുഞ്ഞമ്മദ്, കിഴക്കയില്‍ ബാലൻ, കെ.എം. സുധാകരന്, പി.ടി. സുരേന്ദ്രൻ, സിഡിഎസ് ചെയര്‍ പേഴ്സണ്‍ പി.കെ. രമ, സപ്പോര്‍ട്ടിംഗ് കമ്മിറ്റി കൺവീനര്‍ പി. സജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, കൃഷി ഓഫീസര്‍ പി.കെ. ജിജിഷ എന്നിവർ പ്രസംഗിച്ചു.