ഞായറാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിനെതിരേ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധറാലി നടത്തി
1226716
Saturday, October 1, 2022 11:54 PM IST
തിരുവമ്പാടി: ക്രൈസ്തവർ വിശുദ്ധ ദിനമായി ആചരിക്കുകയും മതബോധനം നടത്തുകയും ചെയ്യുന്ന ഞായറാഴ്ച സ്കൂൾ പ്രവൃത്തി ദിനമാക്കി ലഹരി വിരുദ്ധ ബോധവത്കരണം നടത്തണമെന്ന സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് തിരുവമ്പാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ലഹരി വിരുദ്ധ ബോധവത്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ഉച്ചയ്ക്ക് ശേഷം ആക്കുകയോ ചെയ്യണം. ക്രൈസ്തവ സമുദായത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാത്തത് നീതി നിഷേധമാണ്.
അടുത്ത കാലത്തായി വിവിധ പരീക്ഷകൾ നടത്താനും ഫയലുകൾ തീർപ്പാക്കാനും ഞായറാഴ്ച മാത്രം തെരഞ്ഞെടുക്കുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, തോമസ് വലിയപറമ്പൻ, അനീഷ് വടക്കേൽ, ബെന്നി ലൂക്കോസ്, യൂണിറ്റ് പ്രസിഡന്റ് ബെന്നി കിഴക്കേപറമ്പിൽ, ജോസഫ് പുലക്കുടി, പ്രിൻസ് തിനംപറമ്പിൽ, ജോസ് തറയിൽ എന്നിവർ പ്രസംഗിച്ചു.