വിഴിഞ്ഞം സമരം: ഐക്യദാർഢ്യ റാലി നടത്തി
1245528
Sunday, December 4, 2022 12:38 AM IST
തിരുവമ്പാടി: വിഴിഞ്ഞത്ത് അതിജീവനത്തിന് വേണ്ടി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ റാലിയും സമ്മേളനവും നടത്തി. വർഷങ്ങളായി സിമന്റ് ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുരിതം കാണാതെ അവരെ തീവ്രവാദികളായും വികസന വിരോധികളായും ചിത്രീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമര നേതാക്കൾ സൂചിപ്പിച്ചു. കേരളത്തിന്റെ സൈന്യം എന്ന് പാടി പുകഴ്ത്തിയവർ തന്നെ ഇന്ന് വിഘടനവാദികൾ എന്നുപറഞ്ഞ് അധിക്ഷേപിക്കുന്നത് ഇരട്ടത്താപ്പാണ്.
പൊതുസമൂഹം ആദരിച്ച മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്നവർ ഒരുകാലത്ത് വിഴിഞ്ഞം പദ്ധതിക്കെതിരേ സമരം ചെയ്തവരും ശബ്ദമുയർത്തിയവരുമാണ്. ഭരണത്തിൽ വന്നപ്പോൾ സമരങ്ങളോട് പുച്ഛവും തൊഴിലാളികളോട് ധിക്കാരവും എന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളം പറമ്പിൽ പറഞ്ഞു.
സമരം ഒത്തുതീർപ്പാക്കാൻ അധികൃതർ തയാറായില്ലെങ്കിൽ കൂടുതൽ വിപുലമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. യോഗത്തിൽ ബെന്നി ലൂക്കോസ്, ജോസഫ് പുലക്കുടി, ബെന്നി കിഴക്കേപറമ്പിൽ, ഷാജി കണ്ടത്തിൽ,ആൽവിൻ തുളുവനാനിയിൽ, പ്രിൻസ് തിനംപറമ്പിൽ, തങ്കച്ചൻ മുട്ടത്ത്, ജോസ് തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.