പ്രതിച്ഛായ വർധിപ്പിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്ന്: എം.കെ. രാഘവൻ എംപി
1245892
Monday, December 5, 2022 12:42 AM IST
കോഴിക്കോട് : പൊതു രംഗത്തുള്ളവർ ജനങ്ങളുമായി ഇടപെടുമ്പോൾ എല്ലാ അർഥത്തിലും ജാഗ്രത പുലർത്തണമെന്ന് എം.കെ. രാഘവൻ എം പി. റോട്ടറി ക്ലബ്ബ് കാലിക്കട്ട് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ഡിസ്ട്രിക്ട് 3204 ക്ലബിന് കീഴിലുള്ളവർക്കായി ഏർപ്പെടുത്തിയ പ്രതിഛായ (പബ്ലിക്ക് ഇമേജ് ) സംബന്ധിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
വ്യക്തിത്വം രൂപം കൊള്ളുന്നത് വീടുകളിൽ നിന്നും അവയ്ക്ക് വികാസം പ്രാപിക്കുന്നത് വിദ്യാലയങ്ങളിൽ നിന്നുമാണ്. അതിനാൽ വിദ്യാലയങ്ങളിൽ നിന്നുമാണ് ഓരോ വ്യക്തിയും പ്രതിഛായ വർധിപ്പിക്കേണ്ടത്. എന്നാൽ വിദ്യാലയങ്ങളിൽ നിന്നും വേണ്ടത്ര മാർഗ നിർദ്ദേശങ്ങൾ ലഭിക്കുന്നില്ല.
ഇതിന് പ്രധാന കാരണം വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് എം.കെ. രാഘവൻ വ്യക്തമാക്കി. നടക്കാവ് ചക്കോരത്ത്കുളം യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് കാലിക്കറ്റ് ഈസ്റ്റ് വൈസ് പ്രസിഡന്റ് മോഹന സുന്ദരം അധ്യക്ഷത വഹിച്ചു.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് നായനാർ മുഖ്യാതിഥിയായി. ചടങ്ങിൽ ഗിന്നസ് റിക്കോർഡ് ബുക്കിൽ ഇടം നേടിയ പെരുന്തൽമണ്ണ സ്വദേശി ഡോ.എ.കെ. ജയചന്ദ്രനെ ആദരിച്ചു. റോട്ടറി മുൻ സിസ്ട്രിക്റ്റ് ഗവർണർ സി എം അബൂബക്കർ , വി ജി നായനാർ, ഡിസ്ട്രിക്റ്റ് ഗവർണർ നോമിനി സന്തോഷ് ശ്രീധർ, ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോർഡിനേറ്റർ വി.പി. രാധാകൃഷ്ണൻ , പബ്ലിക് ചെയർ ഡോ.പി.എൻ. അജിത, അസി. ഗവർണർ ഡോ.പി.ആർ. ശശീന്ദ്രൻ ,ഡിസ്ട്രിക്റ്റ് പബ്ലിക് ചെയർ വി. ഭരത് ദാസ് എന്നിവർ പ്രസംഗിച്ചു.