അനക്കമില്ലാതെ വനംവകുപ്പ്
1262626
Saturday, January 28, 2023 12:47 AM IST
മുക്കം: ഇരുവഴിഞ്ഞി പുഴയില്‍ അതിരൂക്ഷമായ നീര്‍നായ ആക്രമണത്തില്‍ ജനങ്ങള്‍ വലയുമ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ വനം വകുപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരുവഴിഞ്ഞി പുഴയുടെ ഇരു കരകളിലുമുള്ള മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി ഇരു നൂറിലധികം പേര്‍ക്കാണ് നീര്‍നായ ആക്രമണത്തില്‍ പരുക്കേറ്റത്. എന്നാല്‍ രണ്ടു തവണകളിലായി പുഴത്തീരത്ത് കൂടുകള്‍ സ്ഥാപിക്കുകയല്ലാതെ നീര്‍നായകളെ പിടികൂടാനുള്ള കാര്യമായ നടപടികളൊന്നും വനം വകുപ്പ് ചെയ്യാന്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വന മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനയും, കടുവയും, പുലിയും ഇറങ്ങുന്നത് പോലെ തന്നെ പുഴയോര വാസികളുടെ ദുരിതവും അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വേനല്‍ കടുത്തതോടെ കിണറുകളും മറ്റും വറ്റി വരണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ പുഴയെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ നീര്‍നായ ഭീതി മൂലം പുഴയോട് ജനങ്ങള്‍ അകലുന്ന അവസ്ഥയാണുള്ളത്.
നീര്‍നായകളുടെ ആവാസ മേഖലകള്‍ നിരീക്ഷിച്ച് പുഴയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. ഇതിനായി വിദഗ്ദ സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ച വെസ്റ്റ് കൊടിയത്തൂര്‍ ഇടവഴിക്കടവില്‍ രണ്ടുപേര്‍ക്ക് നീര്‍നായയുടെ കടിയേറ്റു.
സമീപ കടവുകളില്‍ കുളിക്കുന്നതിനിടെയാണ് തെക്കേതൊടി അബ്ദുല്ല,കട്ടയാട്ട് ആമിന എന്നിവര്‍ക്ക് കടിയേറ്റത്.
രണ്ടു പേരേയും ആക്രമിച്ചത് ഒരേ നീര്‍നായ ആണെന്നാണ് നിഗമനം. പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ നീർനായകളെ ഏത് വിധേനയും ഒഴിപ്പിക്കാൻ അധികൃതർ തയാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.