റേഷന്‍ വിതരണം അട്ടിമറിച്ച് സര്‍ക്കാര്‍ കുത്തകകളെ സഹായിക്കുന്നു: ചെന്നിത്തല
1264670
Saturday, February 4, 2023 12:05 AM IST
കോഴിക്കോട്: പാവപ്പെട്ടവരുടെ ആശ്രയമായ റേഷന്‍ വിതരണത്തെ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
കുത്തകകള്‍ ഉള്‍പ്പെടെയുളള മറ്റു സംവിധാനങ്ങളെ സര്‍ക്കാര്‍ സഹായിക്കുകയാണ്. റേഷന്‍ സംവിധാനം പതിവുപോലെ ആക്കുക, പുഴുക്കലരി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കഞ്ഞിവെപ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതിയകടവില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അരി വില കുതിക്കുന്നതിനൊപ്പം റേഷന്‍ വിതരണവും താളം തെറ്റിയിരിക്കുന്നത് ജനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. റേഷന്‍ വിതരണ രംഗത്തെ ഷിഫ്റ്റ് സമ്പ്രദായവും പച്ചരി വിതരണവും കേരളത്തില്‍ പ്രയോഗികമല്ല. ഇത്തരത്തിലുള്ള പരിഷ്ക്കാരങ്ങളിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്.
ഈ പോസ് മെഷീന് വ്യാപാരികള്‍ കേടു വരുത്തുന്നുവെന്നാണ് വകുപ്പ് മന്ത്രി പറഞ്ഞത്. ഗുണനിലവാരമില്ലാത്ത മെഷീന് വിതരണം ചെയ്ത സര്‍ക്കാര്‍ പഴി വ്യാപാരികളുടെ മേല്‍ ചുമത്തുകയാണിപ്പോള്‍.
പാവപ്പെട്ടവന് ഗുണനിലവാരമുള്ള അരി നല്‍കാനും റേഷന്‍ വിതരണത്തിലെ താളപിഴകള് പരിഹരിക്കാനും സര്‍ക്കാര്‍ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പുതിയ കടവ് റേഷന്‍ കടയ്ക്ക് മുന്നില്‍ അടപ്പുകൂട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ കഞ്ഞിവെപ്പ് നടത്തിയത്. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.