പുതുപ്പാടി പഞ്ചായത്ത് ബജറ്റ്: ഉത്പാദന മേഖലയ്ക്കും കായികരംഗത്തിനും മുന്‍ഗണന
1280717
Saturday, March 25, 2023 12:39 AM IST
താമരശേരി: കായിക രംഗത്തിനും, ഉത്പാദന മേഖലക്കും പ്രാധാന്യം നല്കി 380893000 രൂപ വരവും, 378227937 രൂപ ചെലവും 4603465 രൂപ മിച്ചവും വരുന്ന 2023-24 വര്‍ഷത്തെ ബജറ്റ് പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ അവതരിപ്പിച്ചു. ഉത്പാദന മേഖലയില്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ജൈവ പച്ചക്കറി പ്രോല്‍സാഹിപ്പിക്കുന്നതിനും വിപണനത്തിനുമായി 34 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും ക്ഷീരമേഖലക്കും പ്രാധാന്യം നല്കി 82 ലക്ഷം രൂപയും മണ്ണ് ജലസംരക്ഷണ പദ്ധതികള്‍ക്ക് 67 ലക്ഷം രൂപയും ഉള്‍പ്പെടെ ഏഴ് കോടി 84 ലക്ഷം രൂപയാണ് വകയിരുത്തിയത്. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കളിസ്ഥലങ്ങള്‍ നിര്‍മിക്കും.
കളിസ്ഥലത്തിനായി 50 ലക്ഷം രൂപ വകയിരുത്തി. ശിശുക്ഷേമത്തിന് ഏഴര ലക്ഷം രൂപയും, പോഷകഹാരത്തിന് 65 ലക്ഷം, വയോജനങ്ങള്‍ക്ക് 16 ലക്ഷം, വനിതാ വികസനത്തിന് 31 ലക്ഷം, ഭിന്നശേഷി ശാക്തീകരണത്തിന് 54 ലക്ഷം, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 65 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 43.5 ലക്ഷം, ശുചിത്വ മേഖലയ്ക്ക് 33.5 ലക്ഷം അങ്കണവാടികള്‍ക്ക് 23 ലക്ഷം, പാര്‍പ്പിട മേഖലക്ക് 4.53 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന് അധ്യക്ഷത വഹിച്ചു.