പ്രൊ-ലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു
1281431
Monday, March 27, 2023 12:27 AM IST
തിരുവമ്പാടി: ആഗോള കത്തോലിക്കാ സഭ പ്രൊ- ലൈഫ് ദിനാചരണത്തിന്റെ ഭാഗമായി താമരശേരി രൂപതാ മരിയൻ പ്രൊ- ലൈഫ് മൂവ്മെന്റ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനായിൽ ഉദ്ഘാടനം ചെയ്തു.
ജീവനും ജീവന്റെ സംരക്ഷണത്തിനും വേണ്ടി പ്രൊ ലൈഫ് സമിതി നൽകി വരുന്ന മഹത്തായ സംഭാവനകളെ പ്രകീർത്തിച്ച അദ്ദേഹം സമൂഹത്തിൽ വർധിച്ചു വരുന്ന തിൻമകൾക്കെതിരേയുള്ള പോരാട്ടത്തിൽ എല്ലാവരും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. തിരുവമ്പാടിയിൽ വച്ച് നടന്ന കുടുംബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളമാളുകൾ പങ്കെടുത്തു. ഓരോ വലിയ കുടുംബത്തിനും അവരുടെ വ്യക്തി വിവരങ്ങൾ അടങ്ങുന്ന ഐഡന്റിറ്റി കാർഡ് വിതരണവും, കുടുംബങ്ങൾക്കുള്ള സമ്മാന വിതരണവും ബിഷപ് നിർവഹിച്ചു. ജീവന്റെ സമൃദ്ധിക്കും സംരക്ഷണത്തിനും നൽകുന്ന സമഗ്ര സംഭാവനകളെ മാനിച്ച് ഡോ. ചിനു കുര്യനെ ചടങ്ങിൽ ആദരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജയ്സൻ കന്നുകുഴിയെയും സമിതി ആദരിച്ചു. താമരശേരി രൂപതയിലെ നാലും അതിൽ കൂടുതലും മക്കളുള്ള എല്ലാ വലിയ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.
തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രൂപത ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ, രൂപത പ്രസിഡന്റ് സജീവ് പുരയിടത്തിൽ, ഫാ. ജിതിൻ പന്തലാടി, ജോൺസൺ തെങ്ങുംതോട്ടത്തിൽ, ടോമി ചേന്ദംകുളം, ടോമി പ്ലാത്തോട്ടത്തിൽ, സെമിലി സുനിൽ, എമ്മാനുവൽ പുതുപ്പള്ളി തകിടിയേൽ, സിസ്റ്റർ ഉദയ, സുബിൻ തയ്യിൽ, ബിനു ജോസ് പുത്തൻപുരക്കൽ, തോമസ് പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.