വേനൽ മഴ: മലയോര മേഖലയിൽ കനത്ത നാശനഷ്ടം
1296615
Tuesday, May 23, 2023 12:08 AM IST
കുറ്റ്യാടി: ഇന്നലെ വൈകീട്ട് ആഞ്ഞടിച്ച കാറ്റിലും മഴയിലും കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ, വേളം പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ട്ടം.
പശുക്കടവിൽ ഇടിമിന്നലിൽ ചിറക്കൽ വിൽസന്റെ വീടിന്റെ ചുമർഭിത്തികൾ വിണ്ടു കീറി. നാല് മാസം ഗർഭിണിയായ പശു ചത്തുവീണു. ഇലട്രിക്ക്,ഇലട്രോണിക് വസ്തുക്കൾ നശിച്ചു ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നു.
അരിമന കുഞ്ഞുമോന്റെ തെങ്ങ് കടപുഴകി വീണു, ദേവി ചോരങ്കോട്ടുമ്മൽ, കൃഷ്ണൻ മരുതേരിയുടെ വീടിന്റെ മുകളിൽ മരം പൊട്ടിവീണു. വൈദ്യുതി ലൈനുകളിൽ മരങ്ങൾ പൊട്ടിവീണതിനാൽ പ്രദേശത്തെ വൈദ്യതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. കാവിലുംപാറ തൊട്ടിൽ പാലം ആശ്വാസി റേഷൻ കടയ്ക്ക് സമീപം പുഴ മൂലക്കൽ ബാലന്റെ വീടിന്ന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.
പൂവള്ളതിൽ മാമിയുടെ വീടിന്ന് മുൻവശത്തെ പ്ലാവ് വൈദ്യുതി ലൈനിൽ വീണു. കൊയിറ്റിക്കണ്ടി അശോകൻ, മധുസൂദനൻപിലാക്കണ്ടി, വീട്ടിക്കുള്ള പറമ്പത്ത് രാജൻ എന്നിവരുടെ എന്നിവരുടെ തെങ്ങ് കമുക് തുടങ്ങിയ കാർഷിക വിളകൾ നശിച്ചു.
കനത്ത കാറ്റിൽ വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബുവിന്റെ 50ലിധികം വാഴകളും മറ്റ് കാർഷിക വിളകളും നശിച്ചു. പഞ്ചായത്ത് അംഗം കിണറുള്ളതിൽ അസീസിന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു അടുക്കള ഭാഗവും കാർപോർച്ചിന്നും കേടുപാടുകൾ സംഭവിച്ചു.
വല കെട്ടിലെ ചാത്തൻ കണ്ടി വിജയൻ, ഒളോടി താഴ വാതുക്കൽ പറമ്പത്ത് ഗോപാലൻ, കുനിയിൽ ബാബു എന്നിവരുടെ വീടുകൾക്ക് മുകളിലും മരങ്ങൾ പൊട്ടിവീണു വൻ നാശനഷ്ട്ടം സംഭവിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ.സി. ബാബു എന്നിവർ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. കുറ്റ്യാടി പാറക്കടവ് പേരാമ്പ്രക്കുന്ന് ബാലകൃഷ്ണന്റെ വീട് ഭാഗികമായി തകർന്നു. കട്ടിൽ, മേശ, കിടക്ക എന്നിവ മിന്നലിൽ കത്തി നശിച്ചു. വീടിന്റെ ഷീറ്റ് തകർന്ന് വീഴുകയും ചുമരിൽ വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. കുറ്റ്യാടി കൈതക്ക മണ്ണിൽ അബ്ദുൾ സലാമിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് അടുക്കള ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റ് ,വീടിന്റെ മുകൾ വശത്തെ കോൺക്രീറ്റ്, ഓടുകൾ എന്നിവ തകർന്നു.
കമുക്, പ്ലാവ്, തെങ്ങ് തുടങ്ങിയവയ്ക്കും നാശനഷ്ടം സംഭവിച്ചു. വീടിനു മുകളിലേക്ക് വീണ തെങ്ങ് കുറ്റ്യാടി ജനകീയ ദുരന്ത നിവാരണസേനാ പ്രവർത്തകരായ നരയൻ കോടൻ ബഷീർ, ഷാനവാസ്, യൂനുസ്, ഹക്കിം, ഗഫൂർ, ടി.എം. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.
തിരുവമ്പാടി: പുന്നക്കൽ റോഡിൽ വഴിക്കടവ് പാലം നിർമാണം നടക്കുന്നതിനാൽ പൊയിലിങ്ങാ പുഴ കടക്കുവാൻ നിർമിച്ച താത്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. മലയോരത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് പൊയിലിങ്ങാ പുഴയിലെ ജലനിരപ്പ് ഉയരുകയും മലവെള്ളപ്പാച്ചിലിൽ എത്തിയ തടിക്കഷണങ്ങളും മറ്റ് ഖര മാലിന്യങ്ങളും നടപ്പാലത്തിൽ തങ്ങിനിൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഒഴുക്ക് ശക്തമായപ്പോൾ നടപ്പാലം ഒലിച്ചു പോയത്.
പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പുന്നക്കൽ നിന്ന് വഴിക്കടവിൽ എത്തി ഈ നടപ്പാലം കടന്നായിരുന്നു ആളുകൾ ബസ് കയറി തിരുവമ്പാടിയിലും കോഴിക്കോടിനും പോയ്ക്കൊണ്ടിരുന്നത്.
എന്നാൽ താത്കാലിക പാലം ഒലിച്ചു പോയതിനാൽ പുഴ കടക്കാൻ മാർഗം ഇല്ലാതായിരിക്കുകയാണ് പുന്നക്കൽ നിവാസികൾക്ക്.
ഇതിന് അടിയന്തര സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് പാലം നിർമാണം പൂർത്തീകരിക്കുവാൻ സാധ്യതയില്ല. അതിനാൽ പുന്നക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടരഞ്ഞി വഴിയും പുല്ലൂരാംപാറ വഴിയും പോകേണ്ട അവസ്ഥയിലാണ്.