കാറ്റിലും മഴയിലും നാശം
1298425
Tuesday, May 30, 2023 12:10 AM IST
ചക്കിട്ടപാറ: ശക്തമായ കാറ്റിലും മഴയിലും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ചെമ്പനോട ആലമ്പാറ മേഖലയിൽ വീടിനും കൃഷികൾക്കും വൻ നാശം.
ആലമ്പാറ താമസിക്കുന്ന പാലാപറമ്പിൽ ലൂസിയുടെ വീടിനു മുകളിൽ തെങ്ങ് പൊട്ടിവീണ് ഭാഗീകമായി. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. ഇവരുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയും അടുക്കളപ്പുരയും വരാന്തയും തകർന്നു. കൂടാതെ ഇവിടെയുള്ള കർഷകൻ കോനാട്ട് ചാക്കോയുടെ തോട്ടത്തിലെ റബർ മരങ്ങൾ ഒടിഞ്ഞു നശിക്കുകയും ചെയ്തു. ഈ പ്രദേശത്തുള്ള കർഷക ഇലവുംമൂട്ടിൽ വത്സമ്മയുടെ തെങ്ങ് ഒടിഞ്ഞു നശിച്ചു. ആലമ്പാറ റോഡിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണ് വൈദ്യുതി വിതരണവും താറുമാറായി. കൂടാതെ ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കൂരാച്ചുണ്ട്: ശക്തമായ കാറ്റിലും മഴയിലും റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ തെങ്ങും ഇലക്ട്രിക് പോസ്റ്റും വീണ് വാഹനങ്ങൾക്ക് നാശം.
ഇന്നലെ വൈകിട്ടോടെയാണ് കായണ്ണ പഞ്ചായത്ത് പള്ളിമുക്കിൽ ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് തെങ്ങ് പൊട്ടി വൈദ്യുതി ലൈനിൽ വീഴുകയും കടവിൽ ബേസിലിന്റെ കാറിനു മുകളിലേക്ക് തെങ്ങ് പതിക്കുകയും ചെയ്തു. തെങ്ങ് വീണതോടെ ഇലക്ട്രിക് പോസ്റ്റ് നിലംപതിച്ച് കുന്നത്തുംപാറ റോജിയുടെ അംബാസിഡർ കാറിന് മുകളിൽ വീണ് നാശം സംഭവിക്കുകയും ചെയ്തു.