മേപ്പയ്യൂർ: പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായി കീഴരിയൂർ തങ്കമല ക്വാറിയിൽ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കൽ ഘനനം നിർത്തിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ ആവശ്യപ്പെട്ടു.
ഏകദേശം അഞ്ഞൂറ് അടി താഴ്ചയിലാണ് ഇപ്പോൾ രാപ്പകൽ ഭേദമില്ലാതെ ഘനനം നടക്കുന്നത്. ഇലക്ട്രിക് ഡിറ്റണേറ്റർ ബ്ലാസ്റ്റ് നടക്കുമ്പോൾ പ്രദേശം മുഴുവൻ പ്രകമ്പനം കൊളളുകയാണ്. ഇത് മൂലം പരിസരത്തെ നൂറുകണക്കിന് വീടുകളിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. മഴക്കാലത്ത് വെള്ളം കെട്ടി നില്ക്കാനും, വിളളലുകളിലുടെ ആഴ്ന്നിറങ്ങി ഉരുൾ പൊട്ടൽ പോലുളള ദുരന്തങ്ങൾ ഉണ്ടാവാനുമുളള സാധ്യത വളരെ കൂടുതലാണ്. വാർഡ് അംഗം മുതൽ ജില്ലാകളക്ടർ, ജിയോളജി വകുപ്പ് ഉൾപ്പെടെ അധികൃതർക്ക് മുന്നിൽ നാട്ടുകാർ പരാതി സമർപ്പിക്കുകയും ഗ്രാമസഭയിൽ വൻ പ്രതിഷേധം ഉണ്ടായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലാകലക്ടർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾ കൈക്കൊളളണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികൾ ആശങ്ക അറിയിച്ചതിനെത്തുടർന്ന് ബിജെപി നേതാക്കളോടൊപ്പം സ്ഥലം സന്ദർശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, മേപ്പയ്യൂർ മണ്ഡലം പ്രസിഡന്റ് സുരേഷ് കണ്ടോത്ത് നേതാക്കളായ കെ.കെ. രജീഷ്, നാഗത്ത് നാരായണൻ, ഷിജി ദിനേശൻ, ബിന്ദു കയലോട്, സുജിത്ത് കീഴരിയൂർ, കെ.ടി. ചന്ദ്രൻ എന്നിവരും ബിജെപി സന്ദർശക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.