കുറ്റ്യാടിയിലും പരിസരങ്ങളിലും ലഹരി മാഫിയയുടെ വിളയാട്ടം
1338144
Monday, September 25, 2023 1:28 AM IST
കുറ്റ്യാടി: കുറ്റ്യാടി മേഖലയില്‍ മയക്കുമരുന്ന് ഭീതി കൂടുന്നു. കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗവും ഇതുവഴിയുള്ള ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടവും തുടര്‍ക്കഥയാകുകയാണ്.
കഴിഞ്ഞ ദിവസം രാത്രി പിടിയിലായ ദമ്പതികൾ സംശയിക്കാതിരിക്കാൻ നാലു വയസ്സുള്ള കുട്ടിയെയും കൂട്ടിയാണ് കാറിൽ യാത്ര ചെയ്തിരുന്നത്.
പോലീസോ മറ്റു അധികൃതരോ വേണ്ടത്ര ജാഗ്രതതയോ നടപടികളോ ഇത്തരം സംഘങ്ങള്‍ക്കെതിരേ നാട്ടുകാരിൽ വലിയ രീതിയില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കുറ്റ്യാടി, നാദാപുരം, പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി നിരോധിത ലഹരി വസ്തുക്കളുടെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട പ്രതികളിൽ ഏറെയും പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. പന്തിരിക്കരയിൽ എംഡിഎംഎ വിൽപന നടത്തുന്നതിനിടെ ആറു പേരെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് വലിയ അളവിലുള്ള എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.
തൊട്ടടുത്ത ദിവസം നാദാപുരം ഡിവൈഎസ്പി ലതിഷിന്റെ നേതൃത്തിൽ കുന്നുമ്മൽ സ്വദേശി അർഷാദ്, മൊകേരി സ്വദേശി സൂരജ് , ചേലക്കാട് സ്വദേശി ഹർഷാദ് എന്നീ യുവാക്കളെയാണ് എംഡിഎംഎയും മയക്കുമരുന്നുമായി പിടികൂടിയത്.
ഈ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് തൊട്ടിൽപ്പാലം കുണ്ടുതോടിൽ ലഹരിക്ക് അടിമയായ ഉണിയത്താം കണ്ടി ജുനൈദ് എന്ന യുവാവ് കോളജ് വിദ്യാർഥിയെ തട്ടികൊണ്ട് പോയി സ്വന്തം വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം കുറ്റ്യാടി ടൗണിൽ രാത്രികാല ഓട്ടോ സർവീസ് നടത്തുന്ന അടുക്കത്ത് സ്വദേശി ജലീലിനെ ചുറ്റിക കൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിക്കുകയും ഓട്ടോ തല്ലി തകർക്കുകയും ചെയ്ത സംഭവം ഉണ്ടായി.
പ്രതിയെന്ന് സംശയിക്കുന്നയാൾ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയും കുറ്റവാളിയാണെന്നും പറയപ്പെടുന്നു. ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
വിദേശത്തു ജോലിചെയ്യുന്ന കക്കട്ടിലെ വീട്ടിൽ രാത്രി സമയത്ത് മുഖംമൂടി ധരിച്ച് കയറി തെലുങ്കാന സ്വദേശിയായ യുവതിയെ ബലമായി പിടിച്ച് കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും അന്വേഷ ഉദ്യോഗസ്ഥർക്ക് പ്രതിയെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.