ജില്ലയില്‍ മഴ കനത്തു ; മലയോര യാത്രകള്‍ ഒഴിവാക്കണം
1339709
Sunday, October 1, 2023 7:35 AM IST
കോഴിക്കോട്: ജില്ലയില്‍ മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ഇന്നലെ രാവിലെ കിഴക്കേ നടക്കാവില്‍ കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിന് സമീപം റോഡ് വികസനത്തിനായി ഏറ്റെടുത്ത കെട്ടിടം തകര്‍ന്നുവീണു. ആളപായമില്ല. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. തുടര്‍ന്ന് ബീച്ചില്‍ നിന്നും ഫയര്‍ യൂണിറ്റ് എത്തി ജെസിബി ഉപയോഗിച്ച് കെട്ടിട അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും മാറ്റി. സിഎച്ച് ഓവര്‍ ബ്രിഡ്ജിന് സമീപം ശക്തമായ കാറ്റില്‍ എസി റോഡില്‍ മരം റോഡിലേക്കു വീണു ഗതാഗതം തടസപ്പെട്ടു.
നഗരത്തില്‍ മാവൂര്‍ റോഡിലും പാവമണിറോഡിലും വെള്ളക്കെട്ടുണ്ടായി. ഇന്നും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍ , ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് അലര്‍ട്ടുകള്‍ പിന്‍വലിക്കും വരെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മലയോരമേഖലയില്‍ താമസിക്കുന്നവരെ അപകടാവസ്ഥ മുന്നില്‍കണ്ട് ആവശ്യം വരുന്ന പക്ഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ച് നീക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം.ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിഹാരമാര്‍ഗങ്ങള്‍ ഉറപ്പാക്കണം.
മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയെന്നും ഡ്രെയിനേജുകള്‍ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കിയെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
സ്വന്തം ലേഖകന്‍