തോട്ടുമുക്കത്ത് പുതിയ ക്വാറി; ജൈവവൈവിധ്യ പരിസ്ഥിതി സമിതി സ്ഥലത്ത് പരിശോധന നടത്തി
1374675
Thursday, November 30, 2023 7:05 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്ത് പുതിയ ക്വാറി തുടങ്ങാനുള്ള നീക്കം ശക്തമായിരിക്കേ പഞ്ചായത്തിലെ ജൈവ വൈവിധ്യ പരിസ്ഥിതി സമിതി അംഗങ്ങൾ സ്ഥലത്ത് പരിശോധന നടത്തി.
ക്വാറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ സമിതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജൈവ വൈവിധ്യ പരിസ്ഥിതി സമിതി കൺവീനർ ബാബു പൊലുകുന്ന്, അംഗങ്ങളായ സി. ഫസൽ ബാബു, റിനീഷ് കളത്തിങ്ങൽ, ഷാലു തോട്ടുമുക്കം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിന് മുന്നിൽ നാട്ടുകാർ നിരവധി പരാതികളാണ് ഉന്നയിച്ചത്. തീർത്തും തെറ്റിദ്ധരിപ്പിച്ചാണ് അനുമതി വാങ്ങുന്നതെന്നും 240 മീറ്റർ ദൂരത്തിൽ വീടില്ലെന്നും ഏഴ് മീറ്റർ നീളത്തിൽ റോഡുണ്ടന്ന് തെറ്റായ വിവരം നൽകിയിരിക്കുകയാണന്നും നാട്ടുകാർ പറഞ്ഞു.
നിലവിൽ നിരവധി ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന മേഖലയിൽ പുതിയ ഒരെണ്ണം കൂടി വന്നു കഴിഞ്ഞാൽ ജനജീവിതം തീർത്തും ദുസഹമാവുമെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പരാതി ന്യായമാണന്നും യാതൊരു കാരണവശാലും പ്രദേശത്ത് ക്വാറിക്ക് അനുമതി നൽകരുതെന്നും ജൈവ വൈവിധ്യ പരിസ്ഥിതി സമിതി കൺവീനർ ബാബു പൊലുകുന്നത്ത് പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥ തലത്തിൽ അനുമതി നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പഞ്ചായത്ത് ഭരണസമിതി, ജൈവ വൈവിധ്യ ജില്ല സമിതി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവർക്ക് നൽകുമെന്നും ബാബു പൊലുകുന്ന് പറഞ്ഞു. പുതിയ ക്വാറി തുടങ്ങിയാൽ അത് പ്രദേശത്തെ കുടിവെള്ള പദ്ധതിക്കും പ്രയാസം സൃഷ്ടിക്കും. ക്വാറികളുടേയും ക്രഷറുകളുടേയും ശല്യം മൂലം നിരവധി പേർ പ്രദേശത്ത് നിന്ന് താമസം മാറിയിട്ടുണ്ട്. ഇനി ഒരു ക്വാറി കൂടി താങ്ങാനുള്ള ശേഷി ഈ പ്രദേശത്തിനില്ലെന്നും പരിസ്ഥിതി സമിതി വിലയിരുത്തി.