പുതിയാപ്പയിലെത്തി എം.കെ. രാഘവന്; സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ആവേശത്തോടെ മത്സ്യത്തൊഴിലാളികള്‍
1416165
Saturday, April 13, 2024 5:16 AM IST
കോഴിക്കോട്: സൂര്യനുദിക്കും മുന്നേ പുതിയാപ്പ ഹാര്‍ബറിലെത്തി യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവൻ. രാത്രികാല മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് മടങ്ങുന്നവരും കച്ചവടക്കാരും വിതരണക്കാരുമായി തുറമുഖം നിറഞ്ഞ നേരത്താണ് എം.കെ രാഘവന് എത്തിയത്. തുറമുഖത്തെത്തിയ സ്ഥാനാര്‍ഥിയെ മത്സ്യത്തൊഴിലാളികള്‍ ആവേശത്തോടെ സ്വീകരിച്ചു.
മത്സ്യത്തൊഴിലാളികൾക്കൊപ്പം സ്ഥാനാർഥി ഹാർബർ പരിസരം ചുറ്റി കണ്ടു. തൊഴിലാളികൾക്കൊപ്പം തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചോദിച്ചറിയുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ഹാര്‍ബറിലെത്തിച്ച വലിയ പുതിയ മത്സ്യങ്ങളെ ചിലര്‍ സ്ഥാനാര്‍ഥിയെ കാണിച്ചു.
മത്സ്യത്തൊഴിലാളികൾ നിലവിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.
യുഡിഎഫ് നേതാക്കളായ മത്സ്യകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉമേഷ്, സി.എം. ജീവൻ, യു.വി. ദിനേശ് മണി, എ. ജനാർദ്ദനൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം അനുഗമിച്ചു.