കണ്ടിവാതുക്കലിലും-വായാടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം
1424950
Sunday, May 26, 2024 4:22 AM IST
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കലിലും, നരിപ്പറ്റ പഞ്ചായത്തിലെ വായാടും കാട്ടാനക്കൂടമിറങ്ങി വ്യാപക കൃഷി നാശം. കണ്ടിവാതുക്കൽ അങ്കണവാടിക്ക് സമീപത്തെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം മീത്തൽ ബാലകൃഷ്ണന്റെ കൃഷിയിടത്തിലെ തെങ്ങ്, ജാതി, മാവ്, റബ്ബർ, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയ കർഷകരാണ് കൃഷിയിടത്തിൽ നിന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്. നരിപ്പറ്റ പഞ്ചായത്തിലെ വായാട് കോളനിക്ക് സമീപമാണ് രണ്ട് ദിവസമായി രാത്രി കാലങ്ങളിൽ കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നു.
മണിമേൽ ഔസേപ്പച്ചൻ ,ചെറിയാൻ മണിമല എന്നിവരുടെ തെങ്ങ്, കൈത, മാവ്, റബ്ബർ ഉൾപ്പെടെയുള്ള കൃഷികളാണ് കാട്ടാനകൾ ചവിട്ടി നശിപ്പിച്ചത്. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.
മേഖലയിൽ വനാതിർത്തിയിൽ സൗരോർജ കമ്പിവേലികൾ സ്ഥാപിക്കണമെന്ന് വനം വകുപ്പ് അധികൃതർക്ക് വർഷങ്ങളായി നിവേദനങ്ങളും, പരാതികളും നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം കമ്പിവേലികൾ സ്ഥാപിക്കാമെന്ന് പറഞ്ഞെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും പ്രാരംഭ നടപടികൾ പോലും നടത്തിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു.
കണ്ടിവാതുക്കൽ മലയോരത്ത് വനാതിർത്തിയിൽ സരോർജ കമ്പിവേലികളുണ്ടെങ്കിലും പലയിടങ്ങളിലും കാട്ടാനകൾ നശിപ്പിക്കുകയുണ്ടായി. അറ്റകുറ്റ പണികൾ നടത്തി കമ്പിവേലി മാറ്റി സ്ഥാപിക്കാൻ ടെണ്ടർ വിളിച്ചെങ്കിലും ടെണ്ടറെടുക്കാൻ ആളില്ലെന്നാണ് കർഷകർ പറയുന്നത്.