"കാഫിർ’ സ്ക്രീൻഷോട്ട്: പ്രതികളെ പിടിക്കാൻ യുഡിഎഫ്; ആർഎംപി ധർണ 30ന്
1425345
Monday, May 27, 2024 7:19 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വടകര മണ്ഡലത്തിൽ കാഫിർ പ്രയോഗം നടത്തുകയും സമൂഹത്തിൽ വർഗീയ ചേരിതിരിവും സംഘർഷങ്ങളും കലാപങ്ങളുമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന സ്ക്രീൻഷോട്ട് തയ്യാറാകുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്-ആർഎംപി സംയുക്താഭിമുഖ്യത്തിൽ സമരം നടത്തുന്നു. 30ന് രാവിലെ 10ന് വടകര എസ്പി ഓഫീസിനു മുന്നിലാണ് ധർണ.
സ്ക്രീൻ ഷോട്ട് പ്രചരിച്ചിട്ട് ഒരു മാസം പിന്നിട്ടും അന്വേഷിച്ചു കണ്ടുപിടിക്കാൻ പോലീസ് തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ധർണ കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. കെ.കെ. രമ എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കണ്‍വീനർ അഹമ്മദ് പുന്നയ്ക്കൽ എന്നിവർ അറിയിച്ചു.