വയോജനങ്ങൾക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ പ്രത്യേക പദ്ധതി: ടൂറിസം മന്ത്രി
1425352
Monday, May 27, 2024 7:19 AM IST
കോഴിക്കോട്: സംസ്ഥാനത്തെ വയോജനങ്ങൾക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും അവിടം ആസ്വദിക്കാനും പ്രത്യേക പദ്ധതി ആലോചിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ - തിരുവണ്ണൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ ആരോഗ്യ പദ്ധതി "അമ്മക്കൊരു കരുതൽ' ജില്ലാതല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിൽ 80 കഴിഞ്ഞവർക്ക് ഹെൽത്ത് ക്ലബുകളിൽ ആരോഗ്യം സംരക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ട്. സംസ്ഥാനത്തും അത്തരം സംവിധാനം ഉണ്ടാകണം. അമ്മമാർക്ക് മധ്യ വയസിന്റെ ഭാഗമായി കാലഘട്ടത്തിന് അനുസരിച്ച് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതാണ് ലേക്ക് ഷോർ ഏറ്റെടുത്തത്. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പ്രയോജനപ്പെടുത്താവുന്ന മാതൃകാ പദ്ധതിയാണ് ഇതെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ഓഖി, നിപ, കോവിഡ് എന്നീ പ്രതിസന്ധി ഘട്ടത്തിൽ കൈകോർത്തത് പോലെ നാടിനെ ശരിയുടെ പാതയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഭൂരിപക്ഷം വരുന്ന മുതിർന്നവർക്കൊപ്പം എല്ലാവരും ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. ചെറൂട്ടി റോഡ് എംഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡോ.ടി.പി. മെഹ്റൂഫ് രാജ്, ഡോ. കദീജ മുംതാസ്, വിപിഎസ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ രമേഷ് പുല്ലാട്ട്, പാലിയേറ്റീവ് കെയർ സൊസൈറ്റി ഭരണ സമിതിയംഗം വാളിയിൽ മൂസ എന്നിവർ പ്രസംഗിച്ചു.