സമ്മര്‍ ക്യാമ്പ് സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും
1425596
Tuesday, May 28, 2024 7:56 AM IST
കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍, മേയ് മാസങ്ങളിലായി സംഘടിപ്പിച്ച വേനല്‍ക്കാല ക്യാമ്പിന്റെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. കായിക ഇനങ്ങളായ ബാഡ്മിന്റണ്‍ ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍, ബോക്സിംഗ്, ജിംനാസ്റ്റിക്സ്, ചെസ്, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിലായി 1300ലധികം കുട്ടികളാണ് സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്തത്. സമാപനം തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.എം. അബ്ദുറഹിമാന്, ഇ. കോയ, ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ്, ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി സജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.