ചുഴലിക്കാറ്റ്: എരവട്ടൂരിലും മുയിപ്പോത്തും നാശനഷ്ടം
1438692
Wednesday, July 24, 2024 4:51 AM IST
പേരാമ്പ്ര: പഞ്ചായത്തിലെ എരവട്ടൂർ ആനരിക്കുന്ന്, പതിനേഴാം വാർഡിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ വൈകുന്നേരമുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. കാമ്പ്രത്ത് രാജന്റെ ആല മരംവീണ് തകർന്നു. കാമ്പ്രത്ത് രാഘവന്റെ തെങ്ങ് കാറ്റിൽ മുറിഞ്ഞുവീണു. കൂടുത്തൽ മീത്തൽ ചന്ദ്രന്റെ പ്ലാവും മറ്റു മരങ്ങളും കാറ്റിൽ മുറിഞ്ഞു വീണു. കൂടാതെ വൈദ്യുത ലൈൻ മരംവീണ് തകർന്നു. നാട്ടുകാർ ഈ പ്രദേശത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നുണ്ട്.
പേരാമ്പ്ര: മുയിപ്പോത്ത് എംയുപി സ്കൂളിൽ പ്രവർത്തിക്കുന്ന ബ്ലോസം പ്രീ-പ്രൈമറി സ്കൂളിന്റെ മേൽക്കൂരയിൽ കനത്ത ചുഴലിക്കാറ്റിൽ സമീപത്തെ മാവിൻകൊമ്പ് പൊട്ടി വീണു. മേൽക്കൂര പൂർണമായി നശിച്ചു.
സ്കൂൾ പ്രവൃത്തിസമയം കഴിഞ്ഞ ശേഷമാണ് സംഭവം ഉണ്ടായത്. ഇതിനാൽ ആളപായം ഒഴിവായി. കെട്ടിടം പുതുക്കി പണിയേണ്ട സ്ഥിതിയിലാണുള്ളത്. സ്കൂളിനോട് ചേർന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും ചരിഞ്ഞു നിൽക്കുന്ന ധാരാളം വലിയ ഫലവൃക്ഷങ്ങൾ ഭീഷണിയായി നിൽക്കുന്നുണ്ട്.