കല്ലാനോട് ബാങ്ക് തെരഞ്ഞെടുപ്പ്: കോൺഗ്രസ് വിമത സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു
1438700
Wednesday, July 24, 2024 5:00 AM IST
കൂരാച്ചുണ്ട്: യുഡിഎഫ് ഭരണത്തിലുള്ള കല്ലാനോട് സർവീസ് സഹകരണ ബാങ്കിന്റെ 28ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകിയ കോൺഗ്രസിന്റെ വിമത സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. ജോസ് വെളിയത്ത്, മനോജ് സി. ചേലാപറമ്പത്ത്, ചന്ദ്രൻ നന്തളത്ത് എന്നിവരാണ് പിൻവാങ്ങിയത്.
കോൺഗ്രസിനുള്ള ഏഴ് സീറ്റിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾ കൂടാതെ നാല് സ്ഥാനാർഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ യുവജന പ്രതിനിധിയായി മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനാർഥിക്ക് പുറമേ കോൺഗ്രസിന്റെ ഒരു യുവജന സ്ഥാനാർഥി കൂടി ഇപ്പോൾ മത്സര രംഗത്തുണ്ട്.
ഈ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന ഭിന്നിപ്പിന് പരിഹാരമായെങ്കിലും ജില്ലാ നേതൃത്വം നിശ്ചയിച്ച സ്ഥാനാർഥി കൂടാതെ ഒരു യുവജന സ്ഥാനാർഥിയെ കൂടി മത്സരിപ്പിക്കുന്നതിനെതിരേ പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്.