കൂടരഞ്ഞി ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ല: കുത്തിയിരുന്നു പ്രതിഷേധിച്ച് യുഡിഎഫ് മെന്പർമാർ
1452149
Tuesday, September 10, 2024 4:37 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടർമാരുടെ സേവനമില്ലാത്തതിലും ഉച്ചയ്ക്കു ശേഷം ഒപി പ്രവർത്തിക്കാത്തതിലും പ്രതിഷേധിച്ച് യുഡിഎഫ് മെന്പർമാർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി .
മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഡോക്ടർമാരും ജീവനക്കാരും ദീർഘകാല അവധിയിൽ പ്രവേശിച്ചത് പഞ്ചായത്ത് പ്രസിഡന്റു കാരണമാണെന്നു ഭരണസമിതി അംഗം വി.എ. നസീർ കുറ്റപ്പെടുത്തി.
ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും ഉച്ചയ്ക്കുശേഷം ഒപി പ്രവർത്തിക്കാത്തതും ഞായറാഴ്ചകളിൽ ആശുപത്രി അടച്ചിടേണ്ടി വരുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഭരണസമിതി അംഗം ജോണി വാളിപ്ലാക്കൽ പറഞ്ഞു. ഭരണസമിതി അംഗങ്ങളായ മോളി തോമസ് വാതല്ലൂർ, ബോബി ഷിബു എന്നിവരും സമരത്തിൽ പങ്കെടുത്തു.
താല്കാലികമായി നിയമിച്ച ഏക ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോൾ കുടുംബാരോഗ്യകേന്ദ്രത്തിൽ ലഭ്യമാകുന്നത്. മലയോരത്ത് മഴ തുടരുന്നതിനാൽ പനി ഉൾപ്പെടെയുള്ള അസുഖബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. കൈകുഞ്ഞുങ്ങളുമായി അമ്മമാർ അടക്കമുള്ളവർ ആശുപത്രിയിലെത്തി ഡോക്ടർ ഇല്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.