ഇഎസ്എ: സര്ക്കാര് തെറ്റുതിരുത്തണം: കത്തോലിക്ക കോൺഗ്രസ് തിരുവോണം വഞ്ചനാദിനമായി ആചരിച്ചു
1453852
Tuesday, September 17, 2024 6:15 AM IST
താമരശേരി: ഇഎസ്എ കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട് 123 വില്ലേജുകളുടെ കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളും ഇഎസ്എ ആയി പ്രഖ്യാപിക്കുവാനായി കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ കടസ്ട്രൽ മാപ്പുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത ഓണ ദിവസം വഞ്ചനാദിനമായി ആചരിച്ചു.
കേന്ദ്രസർക്കാർ ജൂലൈ 31ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ അഞ്ചു സംസ്ഥാനങ്ങളുടെയും ഇഎസ്എ പ്രദേശങ്ങളുടെ ജിയോ കോർഡിനേറ്റ്സ് ഭൂപടം കൃത്യമായി നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇഎസ്എ പ്രദേശങ്ങളുടെ വിസ്തൃതിയായി സംസ്ഥാന സർക്കാർ ശുപാർശ പ്രകാരം കാണിച്ചിരിക്കുന്ന 9,993.7 ച.കീമീ വിസ്തീർണത്തിലുള്ള ഇഎസ്എ പ്രദേശങ്ങളുടെ കടസ്ട്രൽ മാപ്പ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ ഈ വെബ്സൈറ്റിൽ കേരളത്തിലെ 123 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളുടെയും കൃഷിയിടങ്ങളുടെയും കടസ്ട്രൽ ഭൂപടങ്ങളാണ് നൽകിയിട്ടുള്ളത്. കരടുവിജ്ഞാപന മനുസരിച്ച് ഇത് കേരളത്തിന്റെ ഇഎസ്എ പ്രദേശങ്ങളായി പരിഗണിച്ചിരിക്കുകയാണ്.
അടിയന്തരമായി സംസ്ഥാന സർക്കാർ അന്തിമ ഭൂപടവും ആകെ ഇ എസ് എ വിസ്തൃതിയിൽ വരുത്തിയ തെറ്റും തിരുത്തി നൽകി ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി കൊണ്ടുള്ള അന്തിമ വിജ്ഞാപനത്തിന് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിലെ 123 വില്ലേജുകളിലെ 30 ലക്ഷത്തിലധികം ജനങ്ങൾ നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ഡയറക്ടർ ഫാ.സാബിന് തൂമുള്ളില് , ജന. സെക്രട്ടറി ഷാജി കണ്ടത്തിൽ ട്രഷറർ സജി കരോട്ട്, ജോസഫ് മുത്തേടത് എന്നിവർ അറിയിച്ചു.