തറക്കല്ലിട്ടിട്ട് ഒന്നര പതിറ്റാണ്ട്; മെഡി. കോളജ് ബസ് ടെര്‍മിനല്‍ കടലാസില്‍ തന്നെ
1459800
Tuesday, October 8, 2024 8:36 AM IST
കോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് ആയിരകണക്കിന് രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജില്‍ ബസ് ടെര്‍മനില്‍ സ്വപ്നം മാത്രമായി. പതിനഞ്ചു വര്‍ഷം മുമ്പ് തറക്കില്ലട്ടിട്ടും ഇതുവരെ ടെര്‍മിനല്‍ ഉയര്‍ന്നിട്ടില്ല. രോഗികളും അവര്ക്കൊപ്പമെത്തുന്നവരും മഴയത്തും വെയിലത്തും ബസ് കാത്ത് നിന്ന് മറ്റുരോഗങ്ങള്‍ പിടിപെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബസ് ടെര്‍മനില്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറും കോര്‍പറേഷനും താല്പര്യം കാണിക്കുന്നില്ല.
ടെര്‍മിനല്‍ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടിയുണ്ടായെങ്കിലും വിവിധ കാരണങ്ങളാല്‍ നടന്നില്ല. രാഷ്ട്രീയ താല്പര്യങ്ങളും സ്ഥലം ഇടപാട് നടത്തുന്ന ചില സംഘങ്ങളുടെ ഇടപെടലും പദ്ധതി തുരങ്കംവച്ചു എന്നാണ് ആരോപണം. ബസ്ടെര്‍മിനല്‍ വരുമെന്നെ കാരണത്താല്‍ മാവൂര്‍ ഭാഗത്തേക്ക് പോകുന്നിടത്തെ ബസ് കാത്തിരിപ്പ്കേന്ദ്രം രണ്ടു വര്‍ഷം മുമ്പ് പൊളിച്ചു.
ഇതോടെ ഈ ഭാഗത്തേക്കുള്ള യാത്രക്കാര്‍ വെയിലും മഴയും കൊണ്ട് നില്‍ക്കേണ്ട സ്ഥിതിയാണ്. ഈ ഭാഗത്ത് ആംബുലന്‍സുകള്‍ നിറുത്തിയിടുന്നതിനാല്‍ ബസ് കയറാന്‍ റോഡിലിറങ്ങി നില്‍ക്കേണ്ടിവരുന്നതും യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയുടെ ഭാഗത്തേക്ക് പോകുന്നിടത്താണ് താമരശേരി, കൊടുവള്ളി, മുക്കം, തിരുവമ്പാടി, നരിക്കുനി, കുന്ദമംഗലം റൂട്ടില്‍ പോകുന്ന ബസുകള്‍ നിര്‍ത്തുന്നത്. ഇവിടെയും ബസ് ഷെല്‍ട്ടര്‍ ഇല്ല. നടപ്പാതയിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. ഇതുകാരണം ഇതുവഴി നടന്നുപോകാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ബസുകള്‍ അമിതവേഗതയില്‍ എത്തുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്.
2009-ല്‍ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ബസ് ടെര്‍മിനലിന് തറക്കല്ലിട്ടത്. പിന്നീട് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ പല പ്രശ്നങ്ങളും ഉത്ഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ്- മാവൂര്‍ റോഡിന് സമീപത്താണ് ടെര്‍മിനലിനായി സ്ഥലം കണ്ടെത്തിയിരുന്നത്. രണ്ടര ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 200 കോടി രൂപയുടെ പദ്ധതിയാണ് കോര്പറേഷന് വിഭാവനം ചെയ്തത്. ബില്‍ഡ്, ഓപ്പറേറ്റ് ആൻഡ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയില്‍ അഞ്ചുനിലയുള്ള ടെര്‍മിനല്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. ടെര്‍മിനലിന്റെ പ്ലാനില്‍ വ്യക്തത വരുത്താന്‍ പിഡബ്ല്യുഡി, മെഡിക്കല്‍ കോളജ് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് കോര്പറേഷന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രണ്ട് ബസ് ബേകള്‍, പാര്‍ക്കിംഗ് സൗകര്യം, റെസ്റ്റ് റൂം, നഗരസഭയുടെ ആവശ്യങ്ങള്‍ക്കുള്ള മുറി, മെഡിക്കല്‍ കോളജിലേക്കെത്തുന്ന കാല്‍നട യാത്രക്കാര്‍ക്ക് അടിപ്പാത എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
സ്വന്തം ലേഖകന്‍