തൃക്കുടമണ്ണ കടവ് പാലം ഉടൻ പുനർ നിർമ്മിക്കണം; കളക്ടർക്കും എംഎൽഎക്കും നിവേദനം നൽകി
1460307
Thursday, October 10, 2024 9:01 AM IST
മുക്കം: രണ്ട് മാസം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ പൂർണമായും തകർന്ന തൃക്കുടമണ്ണ തൂക്കുപാലം പുനർനിർമിക്കാൻ നടപടിയാവശ്യപ്പെട്ട് കാരശേരി പഞ്ചായത്ത് ഭരണസമിതി കോഴിക്കോട് ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗ്, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് എന്നിവർക്ക് നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, അംഗങ്ങളായ ശാന്താദേവി മൂത്തേടത്ത്, ആമിന എടത്തിൽ എന്നിവരാണ് നിവേദനം നൽകിയത്.
പാലം തകർന്നത് മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾപ്പെടെ വിവരിച്ചാണ് നിവേദനം നൽകിയത്. ഇക്കഴിഞ്ഞ ജൂലൈ അവസാന വാരം ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലാണ് പാലം പൂർണമായും തകർന്നത്. കാരശേരി പഞ്ചായത്തിനെയും മുക്കം നഗരസഭയേയും ബന്ധിപ്പിക്കുന്ന ഇരുവഞ്ഞിപ്പുഴയിൽ നിർമിച്ച തൂക്കുപാലം കാരശേരി പഞ്ചായത്താണ് നിർമിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന ശിവക്ഷേത്രമായ ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഏക ആശ്രയമായിരുന്നു ഈ തൂക്കുപാലം.
മുക്കം മുനിസിപ്പാലിറ്റിയിലെയും സമീപപ്രദേശങ്ങളിലെയും കാരശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെയും വിശ്വാസികൾക്ക് ക്ഷേത്രത്തിലെത്തിച്ചേരാനുള്ള ഏക ആശ്രയമാണ് പാലം തകർന്നതോടെ ഇല്ലാതായത്.