14 കാരിയെ കടത്തികൊണ്ടു പോയ സംഭവം; പോക്സോ കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ
1460906
Monday, October 14, 2024 4:35 AM IST
മുക്കം: 14 കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി സ്വദേശി ബഷീർ എന്നയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയെ കടത്തികൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. പെൺകുട്ടിയെ കാണാതായെന്ന രക്ഷിതാക്കളുടെ പരാതിയിൽ ചുമത്തിയ പോക്സോ കേസിലും ഓമശേരി വേനപ്പാറയിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലുമാണ് അജയിയെ താമരശേരി കോടതി റിമാൻഡ് ചെയ്തത്.
അജയ് നിരവധി മോഷണ കേസിലെ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ച ആളുമാണ്. ഇയാൾ കൂടുതലും ബൈക്ക് മോഷണമാണ് നടത്താറുള്ളത്. ഇത്തരത്തിൽ ഓമശേരി വേനപ്പാറയിൽ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ സെപ്റ്റംബർ 30 തിന് മുക്കം പോലീസ് എടുത്ത കേസിലെ ബൈക്ക് കഴിഞ്ഞ ദിവസം രാത്രി കണ്ടെടുത്തു. വേനപ്പാറയിൽ നിന്നും പ്രതി ബൈക്ക് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. നോർത്ത് കാരശേരിയിലെ നീരിലാക്കൽ പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നുമാണ് ബൈക്ക് കണ്ടെടുത്തത്. ഈ കേസും ചേർത്താണ് പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
14 കാരിയുടെ സഹോദരൻ എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് പ്രതി ഇയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. എറണാകുളത്തെ ജോലി ഇരുവർക്കും നഷ്ടപെട്ടപ്പോൾ 14 കാരിയുടെ സഹോദരൻ വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ താനും വരുന്നുണ്ട് എന്ന് പറഞ്ഞ് കൂടെ വരികയും ഒരാഴ്ച മുക്കത്തെ വീട്ടിൽ താമസിക്കുകയും ചെയ്ത സമയത്താണ് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇതിന് ശേഷം ഇക്കഴിഞ്ഞ അഞ്ചാം തീയതി കുട്ടിയെ കടത്തി കൊണ്ടുപോവുകയായിരുന്നു.
വിദ്യാർഥിനിയായ കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ മുക്കം പോലീസിലും റെയിൽവേ പോലീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനിയെയും പ്രതി അജയിയെയും കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആർപിഎഫ് പിടികൂടി മുക്കം പോലീസിനെ ഏൽപ്പിച്ചത്. മുക്കം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് കേസുകൾ പോലീസ് കണ്ടെത്തിയത്.