കൂമ്പാറ വഴിയോര വിശ്രമകേന്ദ്രം കാടുകയറി
1461168
Tuesday, October 15, 2024 1:30 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് ആധുനിക സജ്ജീകരണങ്ങളോടെ പണിത വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാത്രക്കാർക്ക് ഉപകാരപ്പെടാതെ കാടു കയറി നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും വിശ്രമ കേന്ദ്രം ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല.
ഏതാനും മാസങ്ങൾ മാത്രമാണ് കേന്ദ്രം പ്രവർത്തിച്ചത്. ശുചിത്വമിഷൻ ഫണ്ടിൽ നിന്ന് 7.78 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം നിർമിച്ചത്. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് അനുബന്ധ പ്രവർത്തികൾ നടത്തിയത്. 2022 ഓഗസ്റ്റ് 14ന് അന്നത്തെ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്.
അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രമുൾപ്പെടെ എല്ലാവിധ പ്രാഥമിക സൗകര്യവുമുള്ള വിശ്രമ കേന്ദ്രമാണ് നാട്ടുകാർക്കോ യാത്രികർക്കോ ഉപകാരപ്പെടാതെ നശിക്കുന്നത്.
മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് യാർഡായി ഉപയോഗിക്കാൻ ബസ് സ്റ്റാൻഡ് നൽകിയതോടെയാണ് വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്. പരിസരമാകെ കരാർ കമ്പനിയുടെ സാമഗ്രികളായിരുന്നു. ഇവ മാറ്റിയിട്ട് മാസങ്ങളായിട്ടും വിശ്രമകേന്ദ്രം പ്രവർത്തിപ്പിക്കാൻ നടപടിയായിട്ടില്ല.
വർഷത്തിലേറെയായി ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തുന്നില്ല. കക്കാടംപൊയിൽ, പൂവാറൻതോട് ഉൾപ്പെടെയുള്ളത്തേക്കുള്ള വിനോദ സഞ്ചാരികൾ ആശ്രയിക്കുന്ന പ്രധാന റോഡിലാണ് വിശ്രമ കേന്ദ്രമുള്ളത്. സ്ഥിരം യാത്രികർക്ക് പുറമേ, പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ആയിരക്കണക്കിന് സഞ്ചാരികൾക്ക് ആശ്വാസമാകേണ്ട പദ്ധതിയാണ് അധികൃതരുടെ സമീപനം കൊണ്ട് നോക്കുകുത്തിയായിരിക്കുന്നത്.