തടസങ്ങളില്ലാതെ പോളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം
Tuesday, April 23, 2019 12:16 AM IST
പേ​രാ​മ്പ്ര: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നുള്ള പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം സി​കെ​ജി കോ​ള​ജി​ല്‍ ന​ട​ന്നു. നിയമസഭാ മ​ണ്ഡ​ല​ത്തി​ലെ 174 ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് നൽകിയത്. അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​രോ ബൂ​ത്തി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​ധ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​. ഉ​ച്ച​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബൂ​ത്തു​ക​ളി​ലേ​ക്ക് പു​റ​പ്പെ​ട്ടു. 696 ഉദ്യോഗസ്ഥ​രും 85 റി​സ​ര്‍​വ്വ് ഉദ്യോഗസ്ഥരുമുൾപ്പെടെ 781 പേ​ര്‍ ഡ്യൂ​ട്ടി​ക്ക് എ​ത്തി​ച്ചേ​ര്‍​ന്നു.

വ​ട​ക​ര: വ​ട​ക​ര താ​ലൂ​ക്കി​ലെ അ​ഞ്ഞൂ​റോ​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു വേ​ണ്ട വോ​ട്ടിം​ഗ് യ​ന്ത്ര​വും വി​വി​പാ​റ്റ് മെ​ഷീ​നും അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റു​വാ​ങ്ങി. മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ്, മ​ട​പ്പ​ള്ളി ഹൈ​സ്കൂ​ൾ, വ​ട​ക​ര ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് യ​ഥാ​ക്ര​മം വ​ട​ക​ര, നാ​ദാ​പു​രം, കു​റ്റ്യാ​ടി അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ന്ന​ത്.

ര​ണ്ടാ​യി​ര​ത്തോ​ളം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വ​ട​ക​ര താ​ലൂ​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു​ള്ള​ത്. ഇ​വ​രോ​ടൊ​പ്പം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ട്.