മാ​വൂ​രി​ൽ ത​ണ​ൽ മ​ര​ങ്ങ​ൾ വെ​ട്ടി ന​ശി​പ്പി​ച്ചു; പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ട​ന​ക​ൾ
Thursday, June 20, 2019 12:46 AM IST
മു​ക്കം: റോ​ഡ​രി​കി​ലെ ത​ണ​ൽ മ​ര​ങ്ങ​ൾ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വെ​ട്ടി ന​ശി​പ്പി​ച്ച​തായി പരാതി.
മാ​വൂ​ർ പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ ക​ൽ​ച്ചി​റ ക്ഷേ​ത്ര​ം മു​ത​ൽ തെ​ങ്ങി​ല​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ 50ഓ​ളം ത​ണ​ൽ മ​ര​ങ്ങ​ളാ​ണ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​ത്. വൈ​ദ്യു​തി​ലൈ​നി​ൽ ത​ട്ടി അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ ക​രാ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ക​രാ​ർ എ​ടു​ത്ത​വ​ർ ചെ​റു​തും വ​ലു​തു​മാ​യ മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റു​ക​യാ​യി​രു​ന്നു. ഇന്നലെ രാ​വി​ലെ​യാ​ണ് സംഭവം. പേ​ര, ഞാ​റ​ൽ, അ​ക്ക്വേഷ്യ, ചീ​നി തു​ട​ങ്ങി​യ​വയാണ് നശിപ്പിച്ചത്. സം​ഘ​ട​ന​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പല ഘട്ടങ്ങളിലായി ന​ട്ടു​പി​ടി​പ്പി​ച്ചവയാണിത്. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​രം മുറിച്ചു കഴിഞ്ഞിരുന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മാ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
സം​ഘ​ട​ന​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. മാ​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യെത്തി. ഇ​വ​ർ മ​ര​ങ്ങ​ൾ​ക്ക് ചു​റ്റും സം​ര​ക്ഷ​ണ​വ​ല​യം തീ​ർ​ത്തു. ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ക​ൺ​വീ​ന​ർ എ.​പി. മി​നി നേ​തൃ​ത്യം ന​ൽ​കി.
കേ​ര​ള സാം​സ്കാ​രി​ക പ​രി​ഷ​ത്ത് പ​രി​സ്ഥി​തി സെ​ൽ ജ​നറൽ ക​ൺ​വീ​ന​ർ പി.​ടി. മു​ഹ​മ്മ​ദ് ക​ളക്ട​ർ​ക്കു പ​രാ​തി ന​ൽ​കി.