ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന് അ​ഭി​മാ​ന നേ​ട്ടം: നാ​ല് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ഡ​ൽ​ഹി​യി​ൽ റി​പ്പ​ബ്ലി​ക് പ​രേ​ഡി​ന്
Tuesday, January 25, 2022 11:21 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന് അ​ഭി​മാ​ന നി​മി​ഷം. നാ​ല് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ഇ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് യോ​ഗ്യ​ത നേ​ടി. ബി​എ പൊ​ളി​റ്റി​ക്സ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭ​യ് രാ​ജീ​വ്, അ​മ​ല സൂ​സ​ണ്‍​പോ​ൾ, ബി​എ​സ്‌​സി ബോ​ട്ട​ണി വി​ദ്യാ​ർ​ഥി പാ​ർ​വ​തി വി. ​രാ​ജേ​ന്ദ്ര​ൻ, ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി സ്വാ​തി സു​നി​ൽ എ​ന്നി​വ​രാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.

അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ 17 ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ നി​ന്നാ​യി 1600ഓ​ളം കേ​ഡ​റ്റു​ക​ൾ റി​പ്പ​ബ്ലി​ക് ദി​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 57 കേ​ഡ​റ്റു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള വ​യ​നാ​ട് അ​ഞ്ച് കേ​ര​ള ബ​റ്റാ​ലി​യ​നി​ൽ നി​ന്നും യോ​ഗ്യ​ത നേ​ടി​യ അ​ഞ്ച് പേ​രി​ൽ നാ​ല് പേ​രും സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ നി​ന്നാ​ണ്.