സുൽത്താൻ ബത്തേരി: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ 200ഉം കൂലി 400ഉം ആയി ഉയർത്തണമെന്ന് രാഹുൽഗാന്ധി എംപി. െനേ·നി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്, കുടുംബശ്രീ സംഗമം കോളിയാടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ഈ ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണ്.
തൊഴിലുറപ്പ് പദ്ധതിക്ക് സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചു. പദ്ധതി നെൽകൃഷി അടക്കമുള്ള വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. അടിസ്ഥാന വർഗത്തിന്റെ ജീവിത നിലവാരത്തിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ പദ്ധതിക്ക് സാധിച്ചു. യുപിഎ സർക്കാരിന്റെ പദ്ധതിയാണ് ഇത്. തൊഴിലിന് മിനിമം വേതനം എന്നത് തൊഴിലുറപ്പ് വന്നതിനുശേഷമാണ് രാജ്യത്തുണ്ടായത്. പദ്ധതിയെകുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നും അറിയില്ല. അതുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി പരാജയപ്പെട്ട പദ്ധതിയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പ്രാദേശിക തലത്തിൽ വലിയ സ്വാധീനം ചെലുത്തിയ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച നെേ·നി ഗ്രാമപഞ്ചായത്തിനെ രാഹുൽ ഗാന്ധി എം.പി അഭിനന്ദിച്ചു. കോളിയാടി പാരീഷ് ഹാളിൽ നടന്ന സംഗമത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 60 വയസ് കഴിഞ്ഞവർ ഉൾപ്പെടെയുള്ള 250 തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.
തൊഴിലാളികളുടെ മിനിമം കൂലി 400 രൂപയാക്കി ഉയർത്തുക, ജനറൽ വിഭാഗങ്ങൾക്കും വർഷം 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക, മെറ്റീരിയൽ വർക്കുകളുടെ പണം ഉടൻ അനുവദിക്കുക, നെൽകൃഷി അടക്കമുള്ള കാർഷിക ജോലികളിലും തൊഴിലുറപ്പ് പദ്ധതി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം തൊഴിലാളികൾ എംപിക്കു കൈമാറി.
മജീഷ്യൻ ജയൻ ബത്തേരിയെ ചടങ്ങിൽ ആദരിച്ചു. യുവ സാഹിത്യകാരൻ ഖുതബ് ബത്തേരി രചിച്ച പുസ്തകം എംപിക്ക് കൈമാറി. ബത്തേരി അസംപ്ഷൻ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അശ്വിൻ വരച്ച രാഹുൽ ഗാന്ധിയുടെ ഛായാചിത്രം ചടങ്ങിൽ എംപിക്ക് നൽകി. കെ.സി. വേണുഗോപാൽ എംപി, ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, ജയമുരളി, കെ.വി. ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ശശി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സുജാത ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എടക്കൽ മോഹനൻ, ജില്ലാ പഞ്ചായത്ത് മെന്പർ സീത വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ പ്രസന്ന ശശീന്ദ്രൻ, വാർഡ് മെന്പർമാരായ പി.ടി. ബേബി, സൈസുനത്ത് നാസർ തുടങ്ങിയവർ പ്രസംഗിച്ചു.