കായികപരിശീലനം ലഹരിവിരുദ്ധ പോരാട്ടത്തിന് ഉൗർജം പകരും: ഐ.എം. വിജയൻ
1225023
Monday, September 26, 2022 11:43 PM IST
പുൽപ്പള്ളി: വിദ്യാർഥികൾക്കിടയിലും സമൂഹത്തിലും വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന ലഹരിമാഫിയകൾക്കെതിരേ പോരാടാൻ സ്കൂൾ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിന്റെ പ്രമോട്ടറുമായ ഐ.എം. വിജയൻ. കബനിഗിരി നിർമല ഹൈസ്കൂളിൽ നടന്ന യോദ്ധാവ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ വലയിലേക്ക് നയിക്കുന്ന വ്യക്തികളിൽ നിന്നും ലഹരിവസ്തുക്കളിൽ നിന്നും കുട്ടികൾ അകന്നു നിൽക്കണമെന്നും കായിക വിനോദത്തെ ലഹരിയാക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
പ്രധാനധ്യാപകൻ എൻ.യു. ടോമി, പിടിഎ പ്രസിഡന്റും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗവുമായ ഷിനു കച്ചിറയിൽ, കായികധ്യാപകൻ മിഥുൻ വർഗീസ്, സി.സി. ഷാജി, എം.സി. വർക്കി, കെ.ജെ. ബെന്നി, ഷിനി ജോർജ്, ലിസിയാമ്മ കട്ടിക്കാന, സ്കൂൾ ലീഡർ എറ്റല്ല സി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.