മാലിന്യ കൂന്പാരങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ വന്യജീവികളെത്തുന്നതായി പരാതി
1226457
Saturday, October 1, 2022 12:29 AM IST
ഗൂഡല്ലൂർ: ദേവർഷോല ടൗണിൽ മാലിന്യ കുന്പാരങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ വന്യജീവികളെത്തുന്നതായി പരാതി. കരടികളും പുലികളുമാണ് ഭക്ഷം തേടിയെത്തുന്നത്. ദേവർഷോല, മേഫീൽഡ് ഭാഗങ്ങളിൽ വന്യജീവികളെത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതേത്തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. കരടികൾ കൂട്ടത്തോടെ ഇറങ്ങുന്നത് കാരണം നേരം ഇരുട്ടിയാൽ ജനം പുറത്തിറങ്ങാൻ ഭയക്കുകയാണ്. കരടികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപക കൃഷിനാശവും വരുത്തുന്നുണ്ട്.
കരടികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കരടികൾ പ്ലാസ്റ്റിക് മാലിന്യവും ഭക്ഷിക്കുന്നുണ്ട്. അതേസമയം ദേവർഷോല ടൗണിൽ നിന്ന് ശുചീകരണ തൊഴിലാളികൾ രാവിലെയാണ് മാല്യം നീക്കം ചെയ്യുന്നത്. വൈകുന്നേരവും മാലിന്യം നീക്കം ചെയ്യുകയാണെങ്കിൽ വന്യജീവികളുടെ വരവ് കുറക്കാൻ സാധിക്കും. പഞ്ചായത്ത് അധികൃതർ പ്രശ്നത്തിൽ ഇടപ്പെട്ട് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.