പുല്‍പ്പള്ളിയില്‍ സ്വകാര്യ ബസ് തൊഴിലാളി സമരം തുടരുന്നു
1226791
Sunday, October 2, 2022 12:16 AM IST
പുല്‍പ്പള്ളി: വേതനക്കയറ്റം ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. വെള്ളിയാഴ്ച ആരംഭിച്ച സമരം നൂറുകണക്കിനു യാത്രക്കാരെ ദുരിതത്തിലാക്കി. ഗ്രാമങ്ങളിലുള്ളവര്‍ ടൗണിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു പ്രയാസപ്പെടുകയാണ്. ബത്തേരി, മാനന്തവാടി റൂട്ടുകളിലും തൊഴിലാളി സമരം യാത്രക്കാരെ ബാധിച്ചു. ടൗണില്‍നിന്നു ഗ്രാമങ്ങളിലേക്കു കഐസ്ആര്‍ടിസി സര്‍വീസ് നാമമാത്രമാണ്. ഗ്രാമങ്ങളിലേക്കു ജീപ്പ് സര്‍വീസും കുറവാണ്.
ചീയമ്പം പള്ളി പെരുന്നാള്‍ പ്രമാണിച്ച് ബത്തേരി, മാനന്തവാടി ഡിപ്പോകളില്‍നിന്നു കഐസ്ആര്‍ടിസി കുടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും യാത്രാക്ലേശത്തിനു പരിഹാരമാകുന്നില്ല. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ ഭാരവാഹികളും ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളും നേരത്തേ നടത്തിയ ചര്‍ച്ചയില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ സേവനവേതന കരാര്‍ നടപ്പിലാക്കാന്‍ തീരുമാനമായിരുന്നു.
കരാര്‍ മേഖലയില്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളി സമരം.