നാടിന്റെ ഉത്സവമായി കന്പളനാട്ടി
1226802
Sunday, October 2, 2022 12:18 AM IST
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ കർഷക അവാർഡ് ജേതാവ് അയ്യൂബ് തോട്ടോളിയുടെ പാടത്ത് വെള്ളമുണ്ട കന്പളം എന്ന പേരിൽ സംഘടിപ്പിച്ച കന്പളനാട്ടി നാടിന്റെ ഉത്സവമായി. പരന്പരാഗത കൃഷി അറിവുകൾ പുതുതലമുറയ്ക്കു പകരുന്നതിനും നെൽക്കൃഷിക്കാർക്കു പ്രോത്സാഹനം നൽകുന്നതിനുമായി സംഘടിപ്പിച്ച കന്പളനാട്ടി ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. ഗോത്ര ജനതയുടെ പാരന്പര്യ വാദ്യോപകരണങ്ങൾ കന്പളനാട്ടിക്കു പശ്ചാത്തല സംഗീതമൊരുക്കി.
തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയ്ക്കു സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്തംഗം കെ.ബി. നസീമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി. കല്യാണി, മെംബർ വി. ബാലൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സീനത്ത് വൈശ്യൻ, അംഗങ്ങളായ കൊടുവേരി അമ്മദ്, കെ.കെ.സി. മൈമൂന, കാരുണ്യ ക്ലിനിക് മാനേജർ എ. റിയാസ്, എം. മുരളീധരൻ, കെ.സി.കെ. നജുമുദ്ദീൻ, ടി.കെ. മമ്മൂട്ടി, സി.ജി. പ്രത്യുഷ്, പ്രേംരാജ് ചെറുകര, മൂസ ഹാജി തോട്ടോളി, കുന്നുമ്മൽ മൊയ്തു, എം. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ അറുപതോളം കർഷകരെ ആദരിച്ചു.